Skip to main content

കുളമ്പുരോഗം: പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജില്ലയിൽ തുടക്കം

ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ആറാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ  സ്ഥിരം സമിതി  അധ്യക്ഷ ബിനു ഐസക്ക് രാജു  നിർവഹിച്ചു. 

മേയ് രണ്ടു മുതല്‍ 23 വരെ 18 പ്രവൃത്തി ദിവസങ്ങളിലായാണ്  പ്രതിരോധ കുത്തിവയ്പ് ക്യാമ്പയിൻ നടക്കുക. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍ശനം നടത്തി ഉരുക്കള്‍ക്ക് സൗജന്യമായി വാക്സിനേഷന്‍ നല്‍കും.  നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗര്‍ഭാവസ്ഥയിലുള്ളവയെയും രോഗം ബാധിച്ചവയെയും ഒഴികെ പശു, എരുമ എന്നിവയെയാണ് കുളമ്പുരോഗ വാക്സിനേഷന് വിധേയമാക്കുന്നത്.

കേരള മൃഗരോഗ നിയന്ത്രണ നിയമ പ്രകാരം പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വൈറസ് രോഗം ആയതിനാല്‍ രോഗം വന്നാല്‍ ചികിത്സ ഇല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കണം. 

ചമ്പക്കുളം പഞ്ചായത്തിലെ  ജോയ്സ് ഫാമിൽ നടന്ന പരിപാടിയിൽ   ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി അധ്യക്ഷത വഹിച്ചു.  ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം.എസ് ശ്രീകാന്ത്,  ജില്ലാ മൃഗസംരക്ഷണ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.സുജ ,  ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഡിനേറ്റർ ഡോ.  എസ്. രമ, ആലപ്പുഴ ക്ഷീര വികസന  വകുപ്പ്   ഡെപ്യൂട്ടി ഡയറക്ടർ  നിഷാ വി ഷെറിഫ്, മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് സീനിയർ വെറ്ററിനറി സർജൻ  ഡോ. സിന്ധു, വെറ്ററിനറി സർജൻ ഡോ. രതീഷ് ബാബു, തെക്കേക്കര ക്ഷീരസഹകരണ സംഘം പ്രസിഡന്റ്  കെ.കെ തോമസ്, കുട്ടനാട് താലൂക്കിലെ വെറ്ററിനറി ഡോക്ടർമാർ,  ജീവനക്കാർ, ആലപ്പുഴ ജന്തുരോഗനിയന്ത്രണപദ്ധതി ജീവനക്കാർ  കുട്ടനാട്ടിലെ ക്ഷീരകർഷകർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/1205 )

date