കോതമംഗലത്ത് 5000 പട്ടയങ്ങൾ കൂടി" നടപടികൾ അതിവേഗം പുരോഗമിക്കുന്നു : മന്ത്രി കെ.രാജൻ
*കോതമംഗലത്ത് 5000 പട്ടയങ്ങൾ കൂടി" നടപടികൾ അതിവേഗം പുരോഗമിക്കുന്നു : മന്ത്രി കെ.രാജൻ*
കടവൂർ വില്ലേജിൽ പട്ടയങ്ങൾ വിതരണം ചെയ്തു
കോതമംഗലം താലൂക്കിൽ 5000 പട്ടയങ്ങൾ കൂടി അനുവദിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കോതമംഗലത്തെ കടവൂർ വില്ലേജിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടവൂർ, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിൽ പട്ടയം അനുവദിക്കുന്നതിന് വനം വകുപ്പുമായി ബന്ധപ്പെട്ട ചില സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മന്ത്രി തലത്തിൽ തന്നെ ഇടപെടൽ നടത്തിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ തീരുന്നതോടെ പ്രദേശത്തെ ഏകദേശം 5000 കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കാൻ കഴിയും. ഈ സർക്കാരിന്റെ കാലത്ത് തന്നെ പട്ടയങ്ങൾ നൽകാൻ കഴിയും എന്നാണ് പ്രതീക്ഷ.
കോതമംഗലം, മൂവാറ്റുപുഴ പ്രദേശങ്ങളിലെ മറ്റൊരു സങ്കീർണ്ണ പ്രശ്നമാണ് പെരിയാർവാലി കനാലിനോട് ചേർന്ന് താമസിക്കുന്നവരുമായി ബന്ധപ്പെട്ടത്. കാലാകാലങ്ങളായുള്ള ആവശ്യമാണ് പെരിയാർവാലി കനാൽ തീരത്ത് താമസിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കണം എന്നുള്ളത്. ആ പ്രശ്നത്തിനും സർക്കാർ പരിഹാരം കാണുകയാണ്. സങ്കീർണതകൾ തീർക്കുന്നതിനായി ഇറിഗേഷൻ മന്ത്രിയുമായി മെയ്മാസം തന്നെ പ്രത്യേക യോഗം ചേർന്ന് നടപടികൾ വേഗത്തിലാക്കും. നിലവിലെ സർക്കാരിന്റെ കാലാവധി പൂർത്തിയാകും മുമ്പ് തന്നെ അവർക്കും പട്ടയം നൽകുകയാണ് ലക്ഷ്യം. എരമല്ലൂരിലെ ന്യായവില സംബന്ധിച്ച പ്രശ്ന പരിഹാരത്തിന് ക്രിയാത്മകമായ ഇടപെടലാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അർഹരായ എല്ലാവർക്കും ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി പട്ടയ മിഷന് രൂപം നൽകിയത്. നിലവിലെ സർക്കാർ നാലുവർഷം പൂർത്തിയാക്കുന്ന ഈ ഘട്ടത്തിൽ , മെയ് മാസത്തിൽ വിതരണം ചെയ്യുന്നത് കൂടി കണക്കിലെടുത്താൽ രണ്ടേകാൽ ലക്ഷത്തിനടുത്ത് പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം പി വിശിഷ്ടാതിഥിയായി. മാത്യു കുഴൽ നാടൻ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, കോതമംഗലം നഗരസഭ ചെയർമാൻ കെ.കെ ടോമി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി സിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാൻസിസ്, എം.പി.ഐ ചെയർമാൻ ഇ.കെ ശിവൻ, പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമൽ രാജ്, സീമ സിബി, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ അനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷാജി മുഹമ്മദ്,ശാന്തമ്മ പയസ്, മെജോ ജോർജ്, മാണി വർഗീസ്, പി.എം കോയാകുട്ടി, കെ.എം കുര്യാക്കോസ്, മനോജ് ഗോപി, ജമാൽ പുതുപ്പാടി, ബേബി പൗലോസ്, ജിലേഷ് മാത്യു, ബിജു കുര്യാക്കോസ്, കെ.കെ അനിൽകുമാർ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments