ഫുഡ്കോര്‍ട്ടില്‍ സേവനനിരതരായി ഐഫ്രം ടീം
ദേശീയ സരസ് മേളയിലെ ഫുഡ്കോര്‍ട്ടില്‍ കാര്യങ്ങള്‍ മുറപോലെ നടക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് ടീം ഐഫ്രം. കുടുംബശ്രീയുടെ യുവശ്രീ സംരംഭമായി 2008ല്‍ തുടക്കം കുറിച്ച അദേഭാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന്റെ (ഐഫ്രം) നേതൃത്വത്തില്‍ 200ഓളം പേരാണ് ഇവിടെ വിവിധ സേവനങ്ങള്‍ നല്‍കുന്നത്.
ടേബിള്‍ സര്‍വീസ്, മാലിന്യ സംസ്‌കരണം, ഭക്ഷ്യവിഭവങ്ങളുടെയും സ്റ്റാളുകളുടെയും ഗുണനിലവാരം ഉറപ്പുവരുത്തല്‍ എന്നിങ്ങനെ ഫുഡ്കോര്‍ട്ടിലെ ജോലികളെല്ലാം ചെയ്യുന്നത് ഇവരാണ്. ക്യാന്റീന്‍, കാറ്ററിങ് മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കുക, സ്വന്തമായി സംരംഭം തുടങ്ങുന്നതിന് സഹായം നല്‍കുക എന്നീ ലക്ഷ്യങ്ങളാണ് ഐഫ്രത്തിനുള്ളത്. പന്ത്രണ്ടോളം സരസ് മേളകളില്‍ ഭാഗമായിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി നിരവധി മേളകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഐഫ്രം മുഖേന ഇരുപതിനായിരത്തോളം പേര്‍ പരിശീലനം നേടി ജോലി ചെയ്തുവരുന്നു. അയ്യായിരത്തോളം പേര്‍ സ്വന്തമായി സംരംഭങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റുകള്‍ക്ക് വേണ്ട പരിശീലനങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുന്നതും ഐഫ്രം തന്നെയാണ്.
- Log in to post comments