എന്റെ കേരളത്തില്‍ അറിയാം ക്ഷീര മേഖലയിലെ സാധ്യതകള്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നാടിന്റെ ക്ഷീരവികസന മുന്നേറ്റങ്ങളും കര്‍ഷകര്‍ക്കായുള്ള സേവനങ്ങളും നൂതന ആശയങ്ങളും ഒരു കുടക്കീഴില് അണിനിരത്തുകയാണ് ക്ഷീരവികസന വകുപ്പ്. പശുക്കള്‍ക്കായുള്ള തീറ്റകള്‍ ചെറിയ ടിന്നുകളിലാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്ന കാഴ്ചയാണ് സ്റ്റാളില്‍ ആദ്യം കാണുന്നത്. അഗത്തി, ചോളം, റെഡ് നെപ്പിയര് പുല്ലിനങ്ങളും ഇതോടൊപ്പമുണ്ട്. ആടുവളര്‍ത്തലിലെ നൂതനരീതികളും ഭക്ഷണക്രമങ്ങളും ശാസ്ത്രീയമായി വിശദീകരിക്കുന്ന വീഡിയോ മുഴുവന്‍ സമയവും പ്രദര്‍ശനത്തിലുണ്ട്. സ്റ്റാളില്‍ 'പാലറിവ്' എന്ന പേരില്‍ സംഘടിപ്പിപ്പിക്കുന്ന ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാം. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ക്ഷീരമേഖലയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും വിവിധ പദ്ധതികളെക്കുറിച്ച് അറിയുന്നതിനുമായുള്ള 'ക്ഷേമനിധി' ഹെല്‍പ്പ് ഡെസ്ക്ക് ഇവിടെ സജ്ജമാണ്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ ലോകത്തേക്ക് വ്യാപിപ്പിക്കുന്ന 'ക്ഷീരശ്രീ' പോര്‍ട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഇവിടെ നിന്നും മനസ്സിലാക്കാം.
കാലിത്തീറ്റയുടെ പ്രാധാന്യം, പാലിന്റെ ഘടന, വിവിധ പാലുല്‍പ്പന്നങ്ങള്‍, പദ്ധതികള്‍, കൈവരിച്ച നേട്ടങ്ങള്‍ എന്നിവ വ്യക്തമാക്കുന്ന പോസ്റ്ററുകളും ക്ഷീരോല്‍പ്പാദന സഹകരണ സംഘം നിര്‍മിച്ച നെയ്യ്, സ്വാദിഷ്ടമായ പാല് ഹല്‍വ, നാടന്‍ രുചിയിലുള്ള ഉണ്ണിയപ്പം തുടങ്ങിയവയുടെ വില്പനയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
- Log in to post comments