Skip to main content

കൃഷി ചെയ്യാൻ തയ്യാറാണോ, വിത്ത് പാകാൻ പുന്നപ്ര കാർമൽ പോളി വികസിപ്പിച്ച സീഡ് സോവിങ് ബോട്ട് റെഡി

വീട്ടുപറമ്പിൽ കൃഷി ചെയ്യാൻ ഇഷ്ടമുള്ളവർ ഏറെയാണ്. പക്ഷേ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലം വിത്ത് പാകാൻ തന്നെ പലർക്കും മടിയാണ്. എന്നാൽ കര കൃഷിക്ക് വിത്തിടാൻ ഇനി നമ്മൾ ഓടി നടക്കേണ്ട. അക്കാര്യം സീഡ് സോവിങ് ബോട്ട് നോക്കിക്കോളും. പയറോ വെണ്ടയോ തുടങ്ങി കര കൃഷി ചെയ്യാൻ സാധിക്കുന്ന ഏത് വിത്തും ഓട്ടോണോമസ് ഐ ഒ ടി ബേസിൽ വർക്ക് ചെയ്യുന്ന ഈ മെഷീനിൽ നിക്ഷേപിക്കാം. എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിലാണ് ഈ വിരുതൻ ഉള്ളത്. പുന്നപ്ര കാർമൽ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് വിദ്യാർഥികളാണ് ഈ കണ്ടുപിടിത്തത്തിന്  പിന്നിൽ.  വിത്ത് നിറച്ചാൽ നിശ്ചിത അകലത്തിൽ വിത്ത് പാകി മെഷീൻ മുന്നോട്ടു പോകും. മൊബൈൽ ആപ്പ് വഴിയും വെബ് വഴിയും മെഷീനെ നിയന്ത്രിക്കാം. ആലപ്പുഴ ജില്ലയിലെ പോളിടെക്നിക് കോളേജുകൾക്കും ടെക്നിക്കൽ സ്കൂളുകൾക്കും വേണ്ടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ. ഈ സ്ഥാപനങ്ങളിലേക്ക് സർക്കാർ ചെയ്തിട്ടുള്ള വികസനങ്ങളെപ്പറ്റിയും  കരിക്കുലത്തിൽ വന്നിരിക്കുന്ന നൂതന സംവിധാനങ്ങളെപ്പറ്റിയും ഇവിടെ മനസ്സിലാക്കാം. കൂടാതെ ഐഎച്ച്ആർഡി കോളേജുകളുടെ പ്രവർത്തനങ്ങളും ഇവിടെ വിശദീകരിച്ചിട്ടുണ്ട്.  ഓരോ ദിവസങ്ങളിലും ഓരോ പോളിടെക്നിക് കോളേജുകളാണ്  മേളയിൽ പ്രോജക്ടുകൾ  പ്രദർശിപ്പിച്ചിരിക്കുന്നത്.

date