ആരോഗ്യ വകുപ്പിന്റെ നാടകങ്ങൾ ശ്രദ്ധേയമായി
കോട്ടക്കുന്നിൽ നടക്കുന്ന എന്റെ കേരളം വിപണന പ്രദർശന മേളയിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടകങ്ങൾ ശ്രദ്ധേയമായി. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പൊന്നോമന ജനിക്കേണ്ടത് സുരക്ഷിത കരങ്ങളിൽ' എന്ന നാടകം പ്രസവം ആശുപത്രിയിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിളംബരം ചെയ്യുന്നു. പ്രസവത്തെ തുടർന്ന് വീട്ടിൽ മരണപ്പെടുന്ന ദുരന്താവസ്ഥ തുറന്നുകാണിക്കുന്നതായിരുന്നു നാടകം. വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരാണ് നാടകം അവതരിപ്പിച്ചത്. പി.സി സിന്ധുവാണ് സംവിധാനം നിർവഹിച്ചത്. കെ ഹേമതല, ഷിജി ജോസ്, ബിൻസി ജോർജ്, സൈനുൽ സുഹാനി, ഗുരുപ്രിയ, ലിനി നിഷ എന്നിവരാണ് നാടകത്തിൽ അഭിനയിച്ചത്. ജിജി വർഗീസ്, സുനിൽകുമാർ എന്നിവർ സാങ്കേതിക സഹായം നൽകി. ക്ഷയ രോഗ നിവാരണവുമായി ബന്ധപ്പെട്ട് ഡി.എം.ഒ. സീനിയർ സൂപ്രണ്ട് വിനോദ് പൂക്കൊളത്തൂർ സംവിധാനം ചെയ്ത 'ദി ബാറ്റിൽ' എന്ന നാടകവും ശ്രോതാക്കളുടെ മനം കവർന്നു. ക്ഷയ രോഗ ലക്ഷങ്ങൾ എന്തെക്കെയാണ്, വ്യാജ ചികിത്സയിലേക്ക് പോകാതിരിക്കാനുള്ള മുൻകരുതലുകൾ, ചികിത്സയുടെ പ്രാധാന്യം, സർക്കാർ നൽകുന്ന സൗജന്യ ചികിത്സാ ധന സഹായം എന്നിവയാണ് നാടകത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. വി.വി ദിനേഷ് ആണ് തിരക്കഥ തയ്യാറാക്കിയത്. വി.കെ ശശികുമാർ, ദേവാനന്ദ്, ബെഞ്ചമിൻ, സി.പി ബാബു, വിജീഷ് കാവിൽ, എം.വി ശ്രീകല അബ്ദുൽ മുഹീസ്, കൃഷ്ണദാസ് എന്നിവർ നേതൃത്വം നൽകി.
- Log in to post comments