ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഒരുക്കിയ എന്റെ കേരളം പ്രദർശന വിപണന മേളയിലെ സ്റ്റാൾ ശ്രദ്ധേയമാവുന്നു
പ്രദർശനവിപണന മേളയുടെ പ്രധാന ആകർഷണമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പവലിയൻ. യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാനും ഈ അധ്യയന വർഷത്തെ അഡ്മിഷനെ കുറിച്ചുള്ള വിവരങ്ങൾ അറിയാനും ഒട്ടേറെ പേരാണ് ദിനംപ്രതി എന്റെ കേരളം പവലിയനിലെ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ സ്റ്റാൾ സന്ദർശിക്കുന്നത്. ഈ അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ ജൂലൈയിൽ ആരംഭിക്കും. നാലുവർഷ ബിരുദം ഓപ്പൺ സർവകലാശാലകളിൽ ആദ്യമായി ആരംഭിക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ്. കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കിയതും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയാണ്. പ്രായപരിധിയോ സീറ്റ് പരിമിതികളോ, മാർക്ക് മാനദണ്ഡങ്ങളോ ഇല്ല എന്നുള്ളതാണ് ഓപ്പൺ സർവ്വകലാശാലയുടെ പഠനത്തെ ജനപ്രിയമാക്കുന്നത്. അർഹതയുള്ള എല്ലാ വിഭാഗം ജനങ്ങൾക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും ഒന്നിലധികം പരീക്ഷാ കേന്ദ്രങ്ങളും യൂണിവേഴ്സിറ്റിക്ക് ഉണ്ട്. മലപ്പുറത്ത് ഗവ. കോളേജ് മുണ്ടുപറമ്പ്, പി.ടി.എം ഗവ. കോളേജ് പെരിന്തൽമണ്ണ എന്നീ കോളേജുകളാണ് യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രങ്ങൾ. ഈ പഠന കേന്ദ്രം ഓപ്പൺ യൂണിവേഴ്സിറ്റിയുടെ കോഴിക്കോട് റീജണൽ സെന്ററിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
- Log in to post comments