'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേള പത്തനംതിട്ടയില്‍ മേയ് 16 മുതല്‍ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പ്രദര്‍ശന നഗരി
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേളയ്ക്കായി പത്തനംതിട്ട ഇടത്താവളത്തില്‍ ഒരുങ്ങുന്നത് 71,000 ചതുരശ്രയടി പവലിയന്‍. അത്യാധുനിക ജര്‍മന്‍ ഹാംഗറിലാണ് നിര്‍മാണം. മേയ് 16 മുതല്‍ 22 വരെയാണ് മേള. ഉദ്ഘാടനം മേയ് 16ന് വൈകിട്ട് അഞ്ചിന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും.
പവലിയനുള്ളില്‍ പ്ലൈവുഡ് ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം. 45000 ചതുരശ്രയടിയില്‍ പൂര്‍ണമായും ശീതികരിച്ച 186 സ്റ്റാളുകള്‍ ക്രമീകരിക്കും. സ്റ്റാളുകള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കായി റാമ്പുകളുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. വേദി ഉള്‍പ്പെടെ 8073 ചതുരശ്രയടി കലാപരിപാടിക്കായി ഒരുക്കിയിരിക്കുന്നു. ഇതിനോട് ചേര്‍ന്ന് 5400 ചതുരശ്ര അടിയില്‍ ഭക്ഷ്യ സ്റ്റാളുകളുണ്ട്. 1615 ചതുരശ്രയടിയിലാണ് അടുക്കള. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷ്യവിതരണം. ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാകും. 1500 ചതുരശ്രയടിയിലുള്ള ശിതീകരിച്ച മിനി സിനിമാ തിയേറ്ററും ഒരുക്കിയിട്ടുണ്ട്.
പൊലിസ് ഡോഗ് ഷോ, കൃഷി- അനുബന്ധ ഉപകരണങ്ങളുടെ പ്രദര്‍ശനം തുടങ്ങിയവയ്ക്കായി 6189 ചതുരശ്ര അടിയില്‍ തുറസായ സ്ഥലവും മേളയിലുണ്ടാകും. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമേ വാണിജ്യ സ്റ്റാളുകളുമുണ്ട്. വിവിധ സര്‍ക്കാര്‍ സേവനം, ക്ഷേമ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ബയോ ടോയ്‌ലറ്റുകളുണ്ട്. രാവിലെ 10 മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം.
മേളയോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവസാന ഘട്ടം ഒരുക്കം വിലയിരുത്തി. മാലിന്യ നിര്‍മാര്‍ജനം ശുചിത്വ മിഷന്‍ നിര്‍വഹിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സമയവും മെഡിക്കല്‍ സംഘമുണ്ടാകും. അഗ്നിരക്ഷാ സേന, പൊലിസ് എന്നിവയുടെ സേവനം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
എംഎല്‍എമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രാഹം, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, എഡിഎം ബി ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments