തൊഴിൽമേള സംഘടിപ്പിക്കും
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്ന ട്രെയിനികൾക്കും പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽനിന്നും അപ്രിന്റീസ് പരിശീലനം പൂർത്തിയാക്കിയവർക്കും വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ മേയ് 22 മുതൽ 30 വരെ എല്ലാ ജില്ലകളിലെയും നോഡൽ ഐ.ടി.ഐയിൽ സ്പെക്ട്രം ‘ജോബ് ഫെയർ 2025’ സംഘടിപ്പിക്കും. തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി www.knowledgemission.kerala.gov.in/dwms കണക്ട് ആപ്പിൽ രജിസ്റ്റർ ചെയ്യുകയും പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജില്ലാതല ജോബ് ഫെയറിൽ അപ്ലൈ ചെയ്യുകയും വേണം. സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. മേളയുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളിൽനിന്നും ലഭിക്കും. സംസ്ഥാനതല ഉദ്ഘാടനം മേയ് 22ന് തിരുവനന്തപുരം ചാക്ക ഐ.ടി.ഐയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും.
മേയ് 22, 23 തീയതികളിൽ ചാക്ക (തിരുവനന്തപുരം) ഐ.ടി.ഐയിലും, 23, 24 തീയതികളിൽ ചന്ദനത്തോപ്പ് ഐ.ടി.ഐയിലും (കൊല്ലം), കട്ടപ്പന (ഇടുക്കി) ഐ.ടി.ഐയിലുമായി തൊഴിൽമേള നടക്കും.
മേയ് 27, 28 തീയതികളിൽ ഐ.ടി.ഐ ചെന്നീർക്കര (പത്തനംതിട്ട), ഐ.ടി.ഐ കോഴിക്കോട്, ഐ.ടി.ഐ മലമ്പുഴ (പാലക്കാട്), ഐ.ടി.ഐ കാസറഗോഡ് എന്നിവിടങ്ങളിലായി മേള സംഘടിപ്പിക്കും.
കണ്ണൂർ, ഏറ്റുമാനൂർ (കോട്ടയം), ചാലക്കുടി (തൃശൂർ) ഐ.ടി.ഐകളിൽ മേയ് 28, 29 തീയതികളിൽ മേള നടക്കും. മേയ് 29, 30 തീയതികളിൽ അരിക്കോട് (മലപ്പുറം), ചെങ്ങന്നൂർ (ആലപ്പുഴ), കളമശേരി (എറണാകുളം), കൽപ്പറ്റ (വയനാട്) ഐ.ടി.ഐകളിൽ മേള സംഘടിപ്പിക്കും. വിശദവിവരങ്ങൾക്ക് അടുത്തുള്ള ഐ.ടി.ഐയിലെ പ്രിൻസിപ്പൽമാർ, മേഖലാ കോഡിനേറ്റർമാർ എന്നിവരുമായി ബന്ധപ്പെടാം.
പി.എൻ.എക്സ് 1992/2025
- Log in to post comments