Skip to main content

ജനസാഗരമായി കോട്ടക്കുന്ന്: എന്റെ കേരളം പ്രദര്‍ശന വിപണന മേള നാളെ (മെയ് 13) സമാപിക്കും

ഏഴു ദിനങ്ങളിലായി കോട്ടക്കുന്നിനെ പുളകം കൊള്ളിച്ച മെഗാ മേളയ്ക്ക്  നാളെ (മെയ് 13) തിരശീല വീഴും. സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മികച്ച സന്നാഹങ്ങളോടെ കോട്ടക്കുന്ന് മൈതാനത്ത് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന ഭക്ഷ്യ, കലാമേളയ്ക്ക് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്.  കുടുംബശ്രീ ഫുഡ്‌കോര്‍ട്ടിലും വിപണന സ്റ്റാളുകളിലുമെല്ലാം ആളുകള്‍ കുടുംബസമേതം എത്തി. സംഗീതസാന്ദ്രമായ വൈകുന്നേരത്തെ സാംസ്‌കാരിക പരിപാടികളില്‍ ഏറെ വൈകിയും നിറഞ്ഞ സദസായിരുന്നു.  ഒരു ലക്ഷത്തിലധികം ആളുകളാണ് മേള സന്ദര്‍ശിച്ചത്. ഇന്നലെ (മെയ് 12) വൈകീട്ട് കണ്ണൂര്‍ ശരീഫ് ആന്‍ഡ് ഫാസില ബാനു ടീം അവതരിപ്പിച്ച സംഗീത വിരുന്ന് ആസ്വദിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

നാളെ (മെയ് 13) മേള സമാപിക്കും. സമാപന സമ്മേളനം വൈകീട്ട് 5.30ന് കായിക,ന്യൂന പക്ഷ-ക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുള്ള എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പ്രദര്‍ശന മേളയിലെ മികച്ച തീം സ്റ്റാൾ, വാണിജ്യ സ്റ്റാൾ, സർവീസ് സ്റ്റാൾ എന്നിവയക്കുള്ള അവാർഡുകളും  മികച്ച വാര്‍ത്താ കവറേജിനുള്ള മാധ്യമ അവാര്‍ഡുകളും പരിപാടിയുടെ പ്രചരണാര്‍ത്ഥം നടത്തിയ റീല്‍സ്, സെല്‍ഫി മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള  സമ്മാനദാനവും സമാപന ചടങ്ങില്‍ വിതരണം ചെയ്യും. രാവിലെ 10ന് വ്യവസായ വാണിജ്യ വകുപ്പിന്റ ബാങ്കേഴ്‌സ് മീറ്റ്, വൈകുന്നേരം നാലിന് റോഡുസുരക്ഷാ സെമിനാര്‍ എന്നിവയുണ്ടാകും. വൈകുന്നേരം ഏഴിന് പ്രസീത ചാലക്കുടി ആന്‍ഡ് ടീമിന്റെ മ്യൂസിക്കല്‍ നൈറ്റോടെ പരിപാടികള്‍ക്ക് സമാപനമാകും.

date