ലഹരി വിരുദ്ധ ക്യാമ്പയിന്‍ ആവേശത്തിൽ തിരുവനന്തപുരം
#കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ സന്ദേശയാത്രയിൽ അണിനിരന്ന് ആയിരങ്ങൾ#
ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി കായിക വകുപ്പും സ്പോര്‍ട്സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ് ലഹരി വിരുദ്ധ സന്ദേശയാത്ര തിരുവനന്തപുരത്തെത്തി. മെയ് അഞ്ചിന് കാസര്‍ഗോഡ് നിന്നാണ് സന്ദേശയാത്ര ആരംഭിച്ചത്.
ജില്ലയിൽ ക്യാമ്പയിന്റെ ഭാഗമായി മിനി മാരത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. ആറ് മണിയോടെ പാറശ്ശാലയില്‍ നിന്നാരംഭിച്ച മിനി മാരത്തോൺ സി. കെ ഹരീന്ദ്രൻ എം. എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. നെയ്യാറ്റിന്‍കര ഗ്രാമം മുതൽ മുനിസിപ്പൽ ടൗൺ ഹാൾ വരെ നീണ്ട വാക്കത്തോൺ കെ. ആൻസലൻ എം.എൽ. എ ഫ്ലാഗ് ഓഫ് ചെയ്തു.
സന്ദേശയാത്രയോടനുബന്ധിച്ച് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നെയ്യാറ്റിൻകര ഇരുമ്പിൽ യോദ്ധ സ്പോർട്സ് ട്രെയ്നിംഗ് അക്കാദമി ഉൾപ്പെടെ വിവിധ കളിസ്ഥലങ്ങൾ സന്ദർശിച്ചു.
വൈകിട്ട് മൂന്നരയോടെ ലഹരിവിരുദ്ധ സന്ദേശയാത്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി വി.അബ്ദുറഹിമാൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
മ്യൂസിയം പബ്ലിക് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച യാത്രയിൽ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർഥികൾ, ഭിന്നശേഷി വിദ്യാർഥികൾ, ക്ലബ്ബുകൾ തുടങ്ങിയവർ പങ്കെടുത്തു. സ്കേറ്റിംഗ്, കരാട്ടെ, സൈക്ലിംഗ് തുടങ്ങിയ പ്രകടനങ്ങൾ സന്ദേശ യാത്രയുടെ ഭാഗമായി.
സെൻട്രൽ സ്റ്റേഡിയത്തിൽ വൈകിട്ട് അഞ്ചിന് സംഘടിപ്പിച്ച സന്ദേശയാത്ര സമാപന സമ്മേളന ചടങ്ങ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. വി.അബ്ദുറഹിമാൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, വി. കെ പ്രശാന്ത് എം. എൽ. എ തുടങ്ങിയവർ പങ്കെടുത്തു. ഫ്ലാഷ് മോബ് , ലഘു നാടകം തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചു.
- Log in to post comments