മെയ് വഴക്കത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ ഒരുക്കി ദേശീയ യോഗാ താരങ്ങൾ
കണ്ണൂർ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ദേശീയ - അന്തർദേശീയ അക്രോബാറ്റിക് യോഗ താരങ്ങൾ അവതരിപ്പിച്ച യോഗ ഡാൻസ് ജനശ്രദ്ധ പിടിച്ചുപറ്റി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ അവസാന ദിവസമായ ബുധനാഴ്ച മെയ് വഴക്കത്തിന്റെ അവിസ്മരണീയ നൃത്ത ചുവടുകൾ വെച്ച് ദേശീയ യോഗാ താരങ്ങൾ രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ് എം എൽ എ, ജില്ലാ കളക്ടർ അരുൺ കെ വിജയൻ എന്നിവരടങ്ങിയ സദസ്സിനെ വിസ്മയിപ്പിച്ചു. ഫ്രീ ഫ്ലോ, സോളോ പെർഫോമൻസ് എന്നിങ്ങനെ സിനിമ ഗാനങ്ങളുടെ അകമ്പടിയോടെയാണ് യോഗാസങ്ങൾ കാഴ്ചവെച്ചത്.
ദേശീയ യോഗാ താരങ്ങളായ ആകർഷ് രാജീവൻ, ഋതുവർണ്ണ രാജീവൻ, അനുവർണിക, ഋഷികേശ്, യദുരാജ്, ഋതിക, ഋജ്വൽ എന്നിവരടങ്ങുന്ന സംഘം വെസ്റ്റ് ബംഗാൾ, രാജസ്ഥാൻ, ഒഡിഷ, ആസാം, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ആക്രോബാറ്റിക് യോഗ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്.
- Log in to post comments