കുടുംബശ്രീ ജില്ലാതല കലോത്സവം "അരങ്ങ് 2025" ന് തുടക്കമായി
കുടുംബശ്രീ ജില്ലാതല കലോത്സവം "അരങ്ങ് 2025" ന് തുടക്കമായി. കേരള ബാങ്ക് ഡയറക്ടർ അഡ്വ. പുഷ്പദാസ് ഉദ്ഘാടനം നിർവഹിച്ചു.
സ്ത്രീകളെ അടിമത്തത്തിൽ നിന്ന് മോചിപ്പിച്ച് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് കൊണ്ടുവന്ന സാമൂഹിക മാറ്റത്തിന് കുടുംബശ്രീ നിർവഹിച്ചു വരുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ആലുവ മാറമ്പള്ളി എം ഇ എസ് കോളജിൽ നടക്കുന്ന പരിപാടിയിൽ
ബ്ലോക്ക്, ക്ലസ്റ്റർ അടിസ്ഥാനത്തിൽ നടത്തിയ മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുമാണ് പങ്കെടുക്കുന്നത്.
നാല് വേദികളിലാണ് കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വേദി ഒന്ന് 'ഇന്ദീവരം', വേദി രണ്ട് ‘പാരിജാതം’, വേദി മൂന്ന് ‘സൗഗന്ധികം’, വേദി നാല് ‘തൂലിക’ എന്നിങ്ങനെയാണ് വേദികൾക്ക് പേരിട്ടിരിക്കുന്നത്.സർഗോത്സവത്തിന്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും മെയ് 15 ന് വൈകീട്ട് 6 ന് നടക്കും.
വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗോപാൽ ഡിയോ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി എം റെജീന , എം ഇ എസ് കോളജ് സെക്രട്ടറി & കറസ്പോൺഡന്റ് എം എ മുഹമ്മദ്, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ കെ ആർ രജിത ,വാഴക്കുളം സി ഡി എസ് ചെയർപേഴ്സൺ ഷമീന അബ്ദുൾ ഖാദർ, വാഴക്കുളം വാർഡ് മെമ്പർ നിഷ കബീർ തുടങ്ങിയവർ സംസാരിച്ചു. കോർപ്പറേഷൻ, നഗരസഭ, ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾ മറ്റ് കുടുംബശ്രീ അയൽക്കൂട്ട-ഓക്സിലറി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments