ഇന്ന് (മേയ് 16) കൊടിയേറ്റം എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേള മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
ശീതികരിച്ച 186 സ്റ്റാളുകള്‍, 71000 ചതുരശ്രയടി വിസ്തീര്‍ണം,
കലാ-സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള, കാര്‍ഷിക മേള
പത്തനംതിട്ടയുടെ ദിനരാത്രങ്ങള്‍ക്ക് ഇനി ഉല്‍സവ ലഹരി. കാത്തിരിപ്പിന് ഇന്ന് വിരാമം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ 9 വര്‍ഷത്തെ വികസന നേര്‍ക്കാഴ്ചയുമായി എന്റെ കേരളം മെഗാപ്രദര്‍ശന വിപണന കലാമേളയ്ക്ക് പത്തനംതിട്ട ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) തുടക്കം. വൈകിട്ട് 5ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. നിയസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
വികസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ അസൂയാവഹമായ നേട്ടം മേയ് 22 വരെ നീളുന്ന മേളയിലുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 9 വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യം. അസാധ്യമെന്ന് എഴുതിത്തള്ളിയ പല പദ്ധതിയും പുനര്‍ജീവിപ്പിച്ചതിന്റെ സാക്ഷ്യപ്പെടുത്തലാകും പ്രദര്‍ശന മേള. നാട്ടിലെ വികസന മുന്നേറ്റം അനാവരണം ചെയ്യുന്ന 186 ശീതികരിച്ച സ്റ്റാളുകളുണ്ട്. 5 ജര്‍മന്‍ ഹാംഗറില്‍ 71000 ചതുരശ്രയടിയിലാണ് പവലിയന്‍. 65 ചതുരശ്രയടിയിലാണ് ഓരോ സ്റ്റാളുകളും. 660 ടണ്‍ എസിയിലാണ് പ്രവര്‍ത്തനം. കലാ- സാംസ്‌കാരിക പരിപാടി, മെഗാ ഭക്ഷ്യമേള എന്നിവയ്ക്കായി പ്രത്യേക പവലിയന്‍, ഒരേ സമയം 250 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിച്ച് കലാപരിപാടി വീക്ഷിക്കാം. കുടംബശ്രീക്കാണ് ഭക്ഷ്യമേളയുടെ ചുമതല. 1500 ചതുരശ്രയടിയിലുള്ള ശീതികരിച്ച മിനി സിനിമാ തിയേറ്ററാണ് മറ്റൊന്ന്. വിവിധ കാലഘട്ടത്തിലെ സിനിമ പ്രദര്‍ശിപ്പിക്കും.
രാവിലെ 10 മുതല്‍ രാത്രി 9 വരെ നീളുന്ന പ്രദര്‍ശനത്തില്‍ കാര്‍ഷിക- വിപണന പ്രദര്‍ശന മേള, കാരവന്‍ ടൂറിസം ഏരിയ, കരിയര്‍ ഗൈഡന്‍സ്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ശാസ്ത്ര- സാങ്കേതിക പ്രദര്‍ശനം, സ്‌പോര്‍ട്‌സ് പ്രദര്‍ശനം, സ്‌കൂള്‍ മാര്‍ക്കറ്റ്, സൗജന്യ സര്‍ക്കാര്‍ സേവനം, കായിക- വിനോദ പരിപാടി, പൊലിസ് ഡോഗ് ഷോ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യം.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി ടി ജോണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മേളയുടെ ആദ്യ ദിനമായ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന 'നവോത്ഥാനം- നവകേരളം' മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരം. രണ്ടു മണിക്കൂറില്‍ 60 ഓളം കലാകാരന്‍മാരുടെ പ്രതിഭാസംഗമം. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലില്‍ വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയവ പരിചയപ്പെടുത്തും.
മേയ് 17 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മാതൃ ശിശുസംരക്ഷണം നൂതന പ്രവണതകള്‍ വിഷയത്തിന്റെ സെമിനാര്‍. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ ശേഷം ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ.
മൂന്നാം ദിനമായ മേയ് 18 ന് രാവിലെ 10 മുതല്‍ 1 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ പ്രതിഭാ സംഗമം. വൈകിട്ട് 6.30 മുതല്‍ മജീഷ്യന്‍ സാമ്രാജ് അവതരിപ്പിക്കുന്ന സൈക്കോ മിറാക്കുള മാജിക് ഷോ.
മേയ് 19 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ പിന്നോക്ക വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. ഉച്ചയ്ക്ക് 1.30 മുതല്‍ മൂന്നു വരെ എക്‌സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ നാടകം. വൈകിട്ട് 6.30 മുതല്‍ ജില്ലയില്‍ ആദ്യമായി ഗ്രൂവ് ബാന്‍ഡ് ലൈവ് മ്യൂസിക് ഷോ.
അഞ്ചാം ദിനമായ മേയ് 20 ന് വൈകിട്ട് 6.30 മുതല്‍ അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ്.
മേയ് 21 ന് രാവിലെ 10 മുതല്‍ 1 വരെ വനിതാ ശിശു വികസന വകുപ്പിന്റെ സാംസ്‌കാരിക പരിപാടി. ഉച്ചയ്ക്ക് 1.30 മുതല്‍ 3 വരെ പട്ടികജാതി വികസന വകുപ്പിന്റെ വിവിധ പരിപാടി. വൈകിട്ട് 6.30 മുതല്‍ കനല്‍ നാടന്‍ പാട്ട്.
അവസാന ദിനമായ മേയ് 22 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ സെമിനാര്‍- ലഹരിക്കെതിരായ ബോധവല്‍ക്കരണം, വയോജനങ്ങള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത, ഗ്ലൂക്കോമീറ്റര്‍ വിതരണം. വൈകിട്ട് 4ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, ജില്ലാ പൊലിസ് മേധാവി വി ജി വിനോദ് കുമാര്‍, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, പത്തനംതിട്ട നഗരസഭാംഗം എസ് ഷൈലജ, എഡിഎം ബി ജ്യോതി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി പി അശ്വതി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ജില്ലയില്‍ ആദ്യമായി സൂരജ് സന്തോഷിന്റെ ബാന്‍ഡ് ലൈവ് ഷോ.
- Log in to post comments