'നവോത്ഥാനം- നവകേരളം' ദൃശ്യാവിഷ്‌ക്കാരം ഇന്ന് (മേയ് 16 വെള്ളി)
'എന്റെ കേരളം' പ്രദര്‍ശന വിപണന കലാമേളയില്‍ വേറിട്ട മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌ക്കാരവുമായി ഭാരത് ഭവന്‍. ശബരിമല ഇടത്താവളത്തില്‍ ഇന്ന് (മേയ് 16 വെള്ളി) വൈകിട്ട് 6.30 മുതല്‍ ഭാരത് ഭവന്റെ നേതൃത്വത്തില്‍ 'നവോത്ഥാനം- നവകേരളം' ദൃശ്യാവിഷ്‌ക്കാരം സംഘടിപ്പിക്കും.
ചരിത്രപരവും നവീനവുമായ ദൃശ്യസാധ്യത പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ലക്ഷ്യം. 60 ഓളം കലാപ്രതിഭകള്‍ പങ്കെടുക്കും.
വേദിയിലും സ്‌ക്രീനിലുമായി രണ്ടു മണിക്കൂറോളം ദൃശ്യാവിഷ്‌ക്കാരം ഉണ്ടാകും. നവോത്ഥാന കാലത്തെ മാനവിക മൂല്യങ്ങള്‍ സര്‍ക്കാര്‍ കരുതലോടെ സംരക്ഷിക്കുന്നതിന്റെ പ്രാധ്യാന്യം വിളിച്ചോതും. സംസ്ഥാനത്തെ സാമൂഹ്യമാറ്റങ്ങളുടെ ഹൃദ്യമായ അവതരണത്തിനൊപ്പം നവകേരള നിര്‍മിതിയുമായി മുന്നേറുന്ന സര്‍ക്കാരിന്റെ നേട്ടവും അവതരിപ്പിക്കും. ചലച്ചിത്രം, സംഗീതം, നൃത്തം, നാടകം, മൈം, ചിത്രകല തുടങ്ങിയവയുടെ ഒത്തുച്ചേരലാണ്. വര്‍ത്തമാന കേരളത്തിന്റെ ഭരണ മികവ്, സാമൂഹ്യക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, തൊഴില്‍, ആരോഗ്യ പരിചരണം, വിവിധ സേവനം, ദേശീയ- അന്തര്‍ ദേശീയ നേട്ടം തുടങ്ങിയ വിവിധ മേഖല പരിചയപ്പെടുത്തും. എല്ലാ തലമുറയിലെയും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരിക്കും വിനോദത്തിനൊപ്പം വിജ്ഞാനവും പകരുന്ന ദൃശ്യാവിഷ്‌ക്കാരം.
- Log in to post comments