നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് (16) തുടക്കം
ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠന കേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന ജൈവവൈവിധ്യ പഠനോത്സവത്തിന് ഇന്ന് (16) രാവിലെ കുട്ടികളുടെ പ്രകൃതി സൗഹൃദ ചിത്ര രചനയോടെ തുടക്കമാകും. കുട്ടികളില്‍ ജൈവവൈവിധ്യ അവബോധവും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ലോക ജൈവവൈവിധ്യ ദിനാചരണത്തോട് അനുബന്ധിച്ച് പഠനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി അടിമാലിയില്‍ യുഎന്‍ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന് സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് പഠനോത്സവം സംഘടിപ്പിക്കുന്നത്. ഈ അധ്യയന വര്‍ഷം ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളിലേക്ക് എത്തുന്ന വിദ്യാര്‍ഥികളാണ് പഠനോത്സവത്തില്‍ പങ്കെടുക്കുക. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കിയുള്ള ശില്പശാലകള്, കുട്ടികള്‍ നടത്തിയ വിവിധ പഠനങ്ങളുടെ അവതരണം, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മൂന്നുദിവസത്തെ പഠനോത്സവം.
നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രവും അതിനോട് ചേര്‍ന്നുള്ള പച്ചത്തുരുത്ത് സന്ദര്‍ശനവും, മൂന്നാറിലേക്കുള്ള യാത്ര, പക്ഷി നിരീക്ഷണം, ശലഭ നിരീക്ഷണം, പശ്ചിമഘട്ട ആവാസവ്യവസ്ഥയുടെ നിരീക്ഷണത്തിനും കൂടുതല്‍ അറിവുകള്‍ സമ്പാദിക്കുന്നതിനുമായി ഇരവികുളം നാഷണല്‍ പാര്‍ക്ക് സന്ദര്‍ശനം, മാട്ടുപ്പെട്ടി ഇന്‍ഡോ സിസ് ബൊട്ടാണിക്കല്‍ ഗാര്ഡന് സന്ദര്‍ശനം, പരിസ്ഥിതി വിദഗ്ധരുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ തുടങ്ങിയവയാണ് പഠനോത്സവത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബ്ലോക്ക് - ജില്ലാതല മൊഗാ ക്വിസ്, ഓപ്പണ്‍ ആക്ടിവിറ്റി എന്നിവയില്‍ വിജയികളായവരാണ് സംസ്ഥാന പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചായിരുന്നു ബ്ലോക്ക്, ജില്ലാതല ക്വിസ് മത്സരം. തദ്ദേശസ്ഥാപന തലത്തില്‍ പങ്കെടുത്ത 4318 പേരില്‍ നിന്നും മത്സവിജയികളായ 608 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഇതില്‍ നിന്ന് വിജയികളായ 60 വിദ്യാര്‍ഥികളാണ് സംസ്ഥാന പഠനോത്സവത്തില്‍ പങ്കെടുക്കുന്നത്. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും.
(പിആർ/എഎൽപി/1382)
- Log in to post comments