പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷം: ഉന്നതതല കൂടിയാലോചനാ യോഗം ചേർന്നു
പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചിട്ട് 50 വർഷങ്ങൾ തികയുന്ന ഘട്ടത്തിൽ 2025-26 വകുപ്പിന്റെ സുവർണ്ണ ജൂബിലി വർഷമായി ആചരിച്ചു കൊണ്ട് വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. 2025 ജൂൺ മുതൽ 2026 മെയ് വരെ നീണ്ടുനിൽക്കുന്ന ഒരു വർഷത്തെ പരിപാടികൾ ആണ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്നത്. ഇതിന് മുന്നോടിയായി പട്ടിക വർഗ്ഗ-പട്ടിക ജാതി-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളുവിന്റെ അധ്യക്ഷതയിൽ ഉന്നതതല കൂടിയാലോചനാ യോഗം ചേർന്നു.
പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർക്ക് വിവിധ സഹായങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന വകുപ്പ് എന്നതിനപ്പുറം അവരുടെ സുസ്ഥിര വികസനം ഉറപ്പാക്കുന്ന ഒന്നായി വകുപ്പിനെ മാറ്റി തീർക്കുമെന്ന് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളാണ് വകുപ്പ് ലക്ഷ്യമിടുന്നത്. നിലവിലുള്ള പദ്ധതികളുടെ കുറവുകൾ പരിഹരിച്ച്, വിദ്യാഭ്യാസ- സാമൂഹ്യ- സാമ്പത്തിക ഉന്നമനം സാധ്യമാക്കുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ഒ എസ് അംബിക, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഡി ആർ ധർമ്മലശ്രീ, മുൻ എം പി കെ സോമപ്രസാദ്, മുൻ എം.എൽ.എ എൻ രാജൻ, ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡണ്ട് ബി വിദ്യാധരൻ കാണി, ഡോ. ജോയ് ഇളമൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജൂബിലി പരിപാടികൾ നിശ്ചയിക്കുന്നതിനായി കർമ്മ സമിതിയെയും തിരഞ്ഞെടുത്തു.
ഒരു വർഷം നീളുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കാണ് പദ്ധതിയാകുന്നത്. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വകുപ്പിന്റെ അരനൂറ്റാണ്ടിലെ പ്രവർത്തനങ്ങളും പരിപാടികളും വിലയിരുത്തുകയും പട്ടികവർഗ സമൂഹത്തിന് ഇക്കാലയളവിൽ ഉണ്ടായ മാറ്റങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുകയും ചെയ്യും. ദേശീയ സെമിനാറുകളും കോൺക്ലേവുകളും സംഘടിപ്പിക്കും.
1975 ജൂലൈ ഒന്നിനാണ് ഹരിജൻ ക്ഷേമ വകുപ്പ് വിഭജിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചത്.
പി.എൻ.എക്സ് 2076/2025
- Log in to post comments