നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് കുതിപ്പേകി തിരുവനന്തപുരം മേഖലാ അവലോകന യോഗം
# തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തി#
വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് കരുത്ത് നൽകി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള തിരുവനന്തപുരം മേഖലാ അവലോകന യോഗം. ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ മേഖല അവലോകനയോഗം നടന്നത്.
വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ നിലവിലെ സ്ഥിതി പരിശോധിച്ച് വികസനത്തിന്റെ പൂർണ്ണതയ്ക്കായുള്ള നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉന്നയിച്ചത്. മൂന്ന് ജില്ലകളിൽ പൊതുവായുള്ള പ്രധാനപ്പെട്ട ഏഴ് പദ്ധതികൾ വിലയിരുത്തി. ലൈഫ് മിഷൻ, തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, ആർദ്രം, വിദ്യാകിരണം, മാലിന്യ മുക്ത കേരളം, ഹരിതകേരളം മിഷൻ തുടങ്ങിയ പദ്ധതികളുടെ പുരോഗതി ചർച്ച ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ 1,11,348 കുടുംബങ്ങളാണ് ലൈഫ് പദ്ധതിയിൽ അർഹരായിട്ടുള്ളത്. 55,903 വീടുകൾ പൂർത്തിയായി. ആഗസ്റ്റ് മാസത്തോടെ 80.11 ശതമാനമാക്കി, പൂർത്തീകരിച്ച വീടുകളുടെ എണ്ണം ഉയർത്തുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 328 റോഡുകളാണ് തിരുവനന്തപുരം ജില്ലയിൽ ഉള്ളത്. 220 റോഡുകൾക്ക് സാങ്കേതികാനുമതി ലഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളിൽ എല്ലാ റോഡുകളുടെയും നിർമ്മാണം പൂർത്തീകരിക്കും. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിൽ ജില്ലയിൽ 7278 കുടുംബങ്ങളാണ് ഉള്ളത്. ഇതില്‍ 5493 കുടുംബങ്ങളെ (79%) അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഇത് 6210 (85%) ആയി ഉയർത്തും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 352 കുടുംബങ്ങളിൽ 196 പേർക്ക് ഇതിനകം വീട് നിർമ്മിച്ച് നൽകി. ആഗസ്റ്റ് മാസത്തോടെ ഇത് 328 ആക്കി ഉയർത്തും. പദ്ധതി പ്രകാരം വസ്തുവും വീടും ആവശ്യമുള്ള 380 കുടുംബങ്ങളിൽ 81 കുടുംബങ്ങൾക്ക് വസ്തു ലഭ്യമാക്കി വീട് പൂർത്തീകരിച്ചു. ആഗസ്റ്റ് മാസത്തോടെ 310 കുടുംബങ്ങൾക്ക് കൂടി വീടും വസ്തുവും ലഭ്യമാക്കും. പദ്ധതി പ്രകാരം പാർപ്പിട പുനരുദ്ധാരണം ആവശ്യമുള്ള ജില്ലയിലെ 524 കുടുംബങ്ങളിൽ 294 പേരുടെ ഭവനപുനരുദ്ധാരണം പൂർത്തീകരിച്ചു. ആഗസ്റ്റ് മാസത്തോടെ ഇത് 524 ആക്കി ഉയർത്തും.
ആർദ്രം പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ ഹെൽത്തി ലൈഫ് ക്യാമ്പയിൻ നല്ല രീതിയിൽ സംഘടിപ്പിച്ചുവരുന്നു. 32,526 അതിഥി തൊഴിലാളികളാണ് ജില്ലയിൽ ഉള്ളത്. 615 അതിഥി തൊഴിലാളി സ്ക്രീനിംഗ് ക്യാമ്പുകൾ ഉണ്ട്. 18,170 പേർ സ്ക്രീനിംഗ് പൂർത്തിയാക്കി. ക്യാൻസർ കെയർ പദ്ധതി, വയോജന സാന്ത്വന പരിപാലനം, രോഗ നിവാരണ പ്രവർത്തനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം എന്നിവ മികച്ച രീതിയിൽ ജില്ലയിൽ നടന്നുവരുന്നു. തിരഞ്ഞെടുത്ത ആറ് പ്രധാന ആശുപത്രികളിൽ അഞ്ചെണ്ണത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർണ്ണയ ലാബ് നെറ്റ് വർക്ക് സംവിധാനം പ്രവർത്തന ക്ഷമമാണ്. തിരുവനന്തപുരം ജില്ലയില്‍ 80 ആരോഗ്യ സ്ഥാപനങ്ങളാണ് നിർണ്ണയ ലാബ് നെറ്റ് വര്‍ക്ക്- ഹബ് ആന്റ് സ്പോക്ക് ശൃംഖലയിൽ സജ്ജമായത്. ആഗസ്റ്റ് മാസത്തോടെ 104 സ്ഥാപനങ്ങൾ ശൃംഖലയിൽ സജ്ജമാക്കും.
വിദ്യാകിരണം പദ്ധതിയിൽ ജില്ലയിൽ 107 സ്കൂളുകളിൽ 47 സ്കൂളുകളുടെ ഭൗതിക സൗകര്യവികസനം പൂർത്തീകരിച്ചു. 79 സ്കൂളുകളുടെ നിർമാണം ആരംഭിച്ചു. ആഗസ്റ്റ് മാസത്തോടെ 59 സ്കൂളുകൾ പൂർത്തീകരിക്കും. സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലയിൽ 1000 സ്കൂളുകളിൽ നടപ്പാക്കുന്നുണ്ട്. മഞ്ചാടി പദ്ധതി, 2024-25 അക്കാദമിക വർഷം തിരുവനന്തപുരം ജില്ലയിൽ നാല് എം.ആർ. എസ്സുകളെ കൂടാതെ 10 സ്കൂളുകളിൽ നടന്നു. ശുചിത്വ വിദ്യാലയം ഹരിതവിദ്യാലയം പദ്ധതി ജില്ലയിൽ 1000 സ്കൂളുകളിൽ നടപ്പാക്കുന്നുണ്ട്. ആഗസ്റ്റ് മാസത്തിൽ ജൈവമാലിന്യ സംസ്ക്കരണ സംവിധാനം, അജൈവമാലിന്യ പരിപാലന സംവിധാനം, ഇ- മാലിന്യ പരിപാലന സംവിധാനം എന്നിവ 83% പൂർത്തീകരിക്കും.
മാലിന്യമുക്ത കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ വാതിൽപ്പടി കളക്ഷൻ 80.84% ആണ്. യൂസര്‍ ഫീ കളക്ഷൻ ആഗസ്റ്റ് മാസത്തോടെ 95 ശതമാനം കൈവരിക്കാനാവും. ആമയിഴഞ്ചാൻ തോട് പുനരുദ്ധാരണം ജില്ലയിലെ വലിയ നേട്ടമാണ്. വർക്കല ഡിബിൾ ചേംബർ ഇൻസിനറേറ്റർ മെയ് 31നോടു കൂടി കമ്മീഷൻ ചെയ്യാൻ കഴിയും.
ഹരിതകേരളം മിഷന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 22 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ജലബജറ്റ് ഇതുവരെ പ്രസിദ്ധീകരിച്ചത്. ആഗസ്റ്റ് മാസത്തോടെ 40 തദ്ദേശ സ്ഥാപനങ്ങള്‍ കൂടി ജലബജറ്റ് പ്രസിദ്ധീകരിക്കും. ഇതു വരെ 511 പച്ചത്തുരുത്തുകള്‍ സ്ഥാപിച്ചു. ആഗസ്റ്റ് മാസത്തോടെ ജില്ലയില്‍ സ്ഥാപിക്കുന്ന പച്ചതുരത്തുകളുടെ എണ്ണം 550 ആയി ഉയർത്തും. ജില്ലയിൽ ഹരിതമായി പ്രഖ്യാപിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങൾ 12ഉം ഹരിതമായി പ്രഖ്യാപിച്ച ടൗണുകൾ 94ലും ആണ്. പോത്തൻകോടിൽ തെറ്റിയാറിന്റെ 33 കിലോമീറ്റർ മാപ്പിംഗ് പൂർത്തീകരിച്ച് വിവരശേഖരണം നടത്തി. ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിൽ തരിശായി കിടന്നിരുന്ന 15 ഏക്കർ സ്ഥലത്ത് പച്ചതുരുത്തും കൃഷിയിടങ്ങളും സ്ഥാപിക്കുന്നതും പ്രധാന നേട്ടമാണ്.
ബാലരാമപുരം -വഴിമുക്ക് റോഡ് വികസനം, മധു പാലം നിർമാണം, കല്ലടിമുഖം പാലം നിർമാണം, തിരുവനന്തപുരം ഔട്ടർ റോഡ് - NH 866 നിർമാണം, എൽ എ ആർ കേസുകളിൽ തുക കെട്ടിവയ്ക്കുന്നത് സംബന്ധിച്ച്, സ്മാർട്ട്സിറ്റിയുടെയും കെആർഎസ്ബിയുടെയും പ്രവർത്തികൾ ത്വരിതപ്പെടുത്തൽ, രാജാജി നഗർ പുനരധിവാസ പദ്ധതി, ജിഎച്ച്എസ്എസ് മിതൃമല ഒരു കോടി രൂപയുടെ പദ്ധതി, ഗവ.വിഎച്ച്എസ്എസ് ആര്യനാട് കെട്ടിടനിർമാണം, ഗവ.വി എച്ച് എസ് എസ് ചാല കെട്ടിട നിർമാണം, നേമം താലൂക്ക് ആശുപത്രി കെട്ടിട നിർമാണം, ചിറയൻകീഴ് താലൂക്ക് ആശുപത്രി നിർമാണം, വെള്ളായണി കായലിനുള്ളിൽ ഉൾപ്പെട്ട വെള്ളം നിറഞ്ഞ് കിടക്കുന്ന സ്വകാര്യ പട്ടയഭൂമി ഏറ്റെടുത്ത് കായലിന്റെ ഭാഗമാക്കൽ, പാർവതിപുത്തനാർ ശുചീകരണം, ദേശീയ ജലപാത വികസന പദ്ധതി പ്രദേശങ്ങളിലെ പുനരധിവാസം, നെയ്യാറ്റിൻകര കോടതി സമുച്ചയം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം- റിപ്പോർട്ട് ലഭ്യമാക്കലും ഡ്രഡ്ജിങ് പൂർത്തിയാക്കലും, ഭിന്നശേഷിക്കാരുടെ പുനരധിവാസം, കുറ്റിച്ചൽ എംആർഎസ് കെട്ടിട നിർമാണം, വർക്കല ക്ലിഫ് കുന്നിടിയലുമായി ബന്ധപ്പെട്ട് പഠന റിപ്പോർട്ടുകൾ പ്രകാരം സ്വീകരിക്കേണ്ട നടപടികളും വർക്കലയിലെ വിനോദസഞ്ചാര മേഖലയിൽ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾക്കുള്ള പരിഹാരവും തുടങ്ങിയ ജില്ലയിലെ 20 വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
യോഗത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി.ശിവൻകുട്ടി, കെ.രാജൻ, ജി.ആർ അനിൽ, വീണാ ജോർജ്ജ്, പി.രാജീവ്, പി.പ്രസാദ്, വി.എൻ വാസവൻ, ആർ.ബിന്ദു, ജെ.ചിഞ്ചുറാണി, കെ.കൃഷ്ണൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക്, തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി, കൊല്ലം ജില്ലാ കളക്ടർ ദേവിദാസ് എൻ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്, എഡിഎം ബീന പി ആനന്ദ്, സബ് കളക്ടർ ആൽഫ്രഡ് ഒ വി , വകുപ്പ് സെക്രട്ടറിമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments