Skip to main content

ലൈഫ് മിഷന്റെ അംഗീകാര തിളക്കത്തിൽ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്

കേരള സർക്കാർ ലൈഫ് മിഷന്റെ സമ്പൂർണ പാർപ്പിട പദ്ധതി നിർവഹണത്തിൽ ജില്ലയിൽ കൂടുതൽ വീടുകളൊരുക്കി ലൈഫ് മിഷന്റെ അംഗീകാരം കരസ്ഥമാക്കി കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്. 2017 മുതലുള്ള എട്ട് വർഷ കാലയളവിൽ മികച്ച രീതിയിലുള്ള പ്രവർത്തനം നടത്തിയതിനാണ് അംഗീകാരം. 
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് ഘട്ടങ്ങളിലായുള്ള ഭവന നിർമാണം, ലൈഫ് 2020 അഡിഷണൽ ലിസ്റ്റ് എന്നീ ഘട്ടങ്ങളിലായി അർഹരായ 322 ഭൂമിയുള്ള ഭവനരഹിത കണ്ടെത്തുകയും 319 പേരുടെ വീടുകൾ പൂർത്തീകരിക്കുകയും ചെയ്തു. ഭൂരഹിതരും ഭവന രഹിതരുമായ 74 പേരിൽ 42 പേരുടെ വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭവന നിർമാണത്തിന് മാത്രം 15 കോടി 20 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത്, ഹഡ്കോ വായ്പ, സംസ്ഥാന വിഹിതം എന്നീ വഴികളിലൂടെ സമാഹരിച്ച തുക കൊണ്ടാണ് ഗ്രാമപഞ്ചായത്തിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. അതി ദാരിദ്ര്യ വിഭാഗത്തിൽപ്പെട്ട അഞ്ചുപേർക്ക് മുൻഗണന നൽകി അവരുടെ ഭവന നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കാനും സാധിച്ചിട്ടുണ്ട്. ഇതിനായി വർക്കിങ്ങ് ഗ്രൂപ്പുകളും കുടുംബശ്രീ പ്രവർത്തകരും ജനപ്രതിനിധികളും പ്രത്യേകം ശ്രദ്ധിച്ചു.
പ്രധാൻ മന്ത്രി ആവാസ് യോജന ഗ്രാമീൺ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് വീടുകളുടെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 11 ഭവനങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ഭൂരഹിതരും ഭവന രഹിതരുമായ ഗുണഭോക്താക്കൾക്ക് മനസ്സോടിത്തിരി മണ്ണ് വഴി സ്ഥലം ലഭ്യമാക്കിക്കൊടുത്തും സഹകരണ വകുപ്പിന്റെ ഫ്ളാറ്റിൽ ഉൾപ്പെടുത്തിയും വീട് ലഭ്യമാക്കിക്കൊണ്ട് എല്ലാവർക്കും സുരക്ഷിതഭവനം എന്ന പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്.

date