Skip to main content
തദ്ദേശീയ ഓര്‍ക്കിടുകള്‍ക്ക് കാപ്പാട് ബീച്ചില്‍ പുനര്‍ജന്മം

തദ്ദേശീയ ഓര്‍ക്കിടുകള്‍ക്ക് കാപ്പാട് ബീച്ചില്‍ പുനര്‍ജന്മം

 

കാപ്പാട് ബീച്ച് വാക്ക്-വേയിലെ മരങ്ങളില്‍ ഓര്‍ക്കിഡ് വസന്തം തീര്‍ക്കാനൊരുങ്ങി മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനും കോഴിക്കോട് ഡിടിപിസിയും. കേരളത്തിലെ റോഡുകളുടെ വശങ്ങളില്‍ കാണുന്നതും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുറിച്ചുമാറ്റപ്പെടുന്നതുമായ മരങ്ങളില്‍ കാണുന്ന ഓര്‍ക്കിഡുകളെയാണ് വൈല്‍ഡ് ഓര്‍ക്കിഡുകളെ പുരധിവസിപ്പിക്കുന്ന പദ്ധതിയിലൂടെ കാപ്പാട് ബീച്ചിലേക്ക് മാറ്റി നടുന്നത്. തദ്ദേശീയമായ ഓര്‍ക്കിഡ് ഇനങ്ങളായ റിങ്കോസ്‌റ്റൈലിസ് റെറ്റിയൂസ, സിമ്പിഡിയം അലോയ്‌ഫോളിയം, ഫോളിഡോട്ട, അക്കാമ്പെ, ഡെന്‍ഡ്രോബിയം ഓവേറ്റം, ഡെന്‍ഡ്രോബിയം ബാര്‍ബേറ്റുലം, ഒബ്രോണിയ, ഏറിഡിസ് ക്രിസ്പ്പാ തുടങ്ങിയവയാണ് ബീച്ചിലെ മരങ്ങളില്‍ നട്ടുപിടിപ്പിക്കുന്നത്.
 
പശ്ചിമഘട്ട ജൈവവൈവിധ്യ സമ്പന്നതയുടെ അടയാളമായ ഓര്‍ക്കിഡ് വൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെയും അവയുടെ സംരക്ഷണത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെയും ഭാഗമായാണ് ഡെന്മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ എഡ്യൂക്കേഷന്റെ ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫികേഷനുള്ള കാപ്പാട് ബീച്ചില്‍ ഓര്‍ക്കിഡ് നടുന്നത്. 

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെബ്രുവരി അവസാനം ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നായി കൂടുതല്‍ ഓര്‍ക്കിഡിനങ്ങളെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ നേതൃത്വത്തിലാണ് കാപ്പാട് ബീച്ചില്‍ എത്തിച്ചത്. ബീച്ചിലെ മരങ്ങളില്‍ ക്വൂ -ആര്‍ കോഡ്  ഉള്‍പ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരുകയാണ്.

date