കലായിടത്തിൽ അതിഥിയായി ഇന്ന് (മെയ് 16) ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് എത്തും
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ്റെ നേതൃത്വത്തിൽ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കലായിടം ദൃശ്യകല പരിശീലന പരിപാടിയിൽ അതിഥിയായി ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് എത്തും.
ഇന്ന് (മെയ് 16 ) രാവിലെ 10 മുതൽ 12 വരെ അദ്ദേഹം കുട്ടികളുമായി സംവദിക്കും.
കലയിലെയും രൂപകൽപനയിലെയും കലാവിദ്യാഭ്യാസ മേഖലകളിലെയും പുതിയ പ്രവണതകളെക്കുറിച്ച് അദ്ദേഹം വിദ്യാർഥികളുമായി സംവദിക്കും.
ആര്യാട് ഡിവിഷനിൽ രൂപീകരിച്ചിട്ടുള്ള ആർട്ട് അക്കാദമിയാണ് കലായിടം പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. അവധിക്കാലത്ത് ആഴ്ചയിൽ മൂന്ന് ദിവസം വീതമാണ് കലവൂർ ജി. എച്ച് എസ് എസിൽ പരിശീലനം നടന്നു വരുന്നത്. ഇതിൻ്റെ തുടർച്ചയായി എല്ലാ സ്കൂളുകളിലും ആർട്ട് ക്ലബ്ബ് രൂപീകരിക്കും. പുതിയ അധ്യയന വർഷത്തിൽ സ്കൂൾ തലത്തിലും കുട്ടികൾക്ക് പരിശീലനം നൽകും.
ആർട്ട് അക്കാദമിയുടെ നേതൃത്വത്തിൽ കലവൂർ ജി. എച്ച് എസ് എസിൽ ആർട്ട് ഗ്യാലറിയും നിർമ്മിക്കും. കുട്ടികൾക്കും മറ്റുള്ളവർക്കും ചിത്രപ്രദർശനം നടത്താൻ കഴിയുന്ന ആർട്ട് ഗാലറി മികച്ച സാങ്കേതിക വിദ്യയിലാണ് നിർമ്മിക്കുക. രക്ഷിതാക്കൾ അടക്കമുള്ളവരുടെ ദൃശ്യകലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വില്ലേജ് ആർട്ട്ക്ലബ്ബുകളും രൂപീകരിക്കും.
കലാപ്രവർത്തകരായ ബിന്ദി രാജഗോപാൽ, സുരാജ് രവീന്ദ്രനാഥ്, അമീൻ ഖലീൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക് പിന്തുണ നൽകുന്നത്.
- Log in to post comments