Skip to main content

കിക്ക് ഡ്രഗ്സ്; ലഹരി വിരുദ്ധ സന്ദേശ റാലിക്ക് തൊടുപുഴയിൽ സമാപനം കളിക്കളങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ നടപടി: മന്ത്രി റോഷി അഗസ്റ്റിൻ

കളിക്കളങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്വത്തുക്കൾ കളിക്കളങ്ങൾ നിർമ്മിക്കാൻ കൈമാറുന്നതിന് നടപടി സ്വീകരിക്കാൻ ജലസേചന വകുപ്പ് തയ്യാറാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര, കിക്ക് ഡ്രഗ്സിൻ്റെ ജില്ലാ തല പര്യടനത്തിൻ്റെ സമാപനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

         നമ്മുടെ നാടിന്റെ പ്രധാനപ്പെട്ട വികസന പ്രവർത്തനങ്ങളും വിവരസാങ്കേതിക വിദ്യയുടെ മാറ്റങ്ങളും വിദ്യാഭ്യാസ പുരോഗതിയുമെല്ലാം നമ്മൾ സന്തോഷത്തോടെ നോക്കിക്കാണുമ്പോൾ പുതുതലമുറ ഇതൊന്നും കാണാതെ ലഹരി വസ്തുക്കളിൽ അഭയം തേടി പോവുകയാണ്. ഇതിനെ മറികടക്കുന്നതിനായി നമ്മുടെ സംസ്ഥാനത്തേക്ക് എത്തിച്ചേരുന്ന ലഹരിവസ്തുക്കൾ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട്. ലഹരിയെ ഇല്ലായ്മ ചെയ്യാനും അതിനെതിരെ അവബോധം സൃഷ്ടിക്കുകയുമാണ് ഈ സന്ദേശയാത്രയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

     കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ നയിക്കുന്ന ഈ സന്ദേശയാത്രയ്ക്ക് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ സ്വരമാണുള്ളത്. ചരിത്രത്താളുകളിലേക്ക് എഴുതി ചേർക്കപ്പെടുന്ന യാഥാർത്ഥ്യമാണ് ഇതന്നും അതിൽ പങ്കുചേരാൻ സാധിച്ചത് അഭിമാനമായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു. 

ലഹരി ഉപയോഗം മൂലം ഭയപ്പെടുത്തുന്ന രീതിയിലുള്ള അക്രമാസക്തമായ സംഭവങ്ങളാണ് നാട്ടിൽ നടക്കുന്നതെന്നും കുട്ടികളിൽ ആത്മഹത്യ പ്രവണത ഉയർന്നു വരികയാണെന്നും അതിനെ തടയിടാനായി കൂടുതൽ കായിക ക്ഷമതയുള്ള തലമുറയെ വാർത്തെടുക്കുകയാണ് കായിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വൈകുന്നേരങ്ങളിൽ കളിക്കളങ്ങളിലേക്ക് ഓടിയെത്തുന്ന ഒരു തലമുറയെ വീണ്ടെടുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന ലക്ഷ്യം, മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം രാസലഹരിക്കെതിരായി സർക്കാർ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായാണ് കായിക വകുപ്പ് ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തുന്നതെന്ന് സമാപന സമ്മേളനത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. പുതിയ തലമുറയെ കളിക്കളത്തിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജയവും തോൽവിയും നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. അതിന് കളിക്കളങ്ങൾ ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുസമൂഹം എല്ലാ തലങ്ങളിലും ജയിക്കാൻ മാത്രമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. ഇത് അവരിൽ വലിയ മാനസിക സംഘർഷം ഉണ്ടാക്കുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാൻ അവർ ലഹരിയെ ആശ്രയിക്കുന്നു. ഇതിന് മാറ്റം വരാൻ ശക്തമായ കളിക്കളങ്ങളിൽ അവരെ എത്തിക്കണം. അതിൻ്റ ഭാഗമായി രണ്ടാം ഘട്ടത്തിൽ എല്ലാ പഞ്ചായത്തിലും കായിക കേരളം പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ സമ്പൂർണ കായിക സാക്ഷരത നടപ്പിലാക്കാന്നതിനൊപ്പം കായിക ക്ഷമതാ മിഷൻ്റെ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നഗരസഭാ ചെയർമാൻ കെ. ദീപക് അധ്യക്ഷനായി. എ.രാജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറനാംകുന്നേൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, തൊടുപുഴ മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജെസ്സി ആന്റണി, ജില്ലാ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം.ലതീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം. ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൻ ഷിയാസ്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ ബിജു, കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ തോമസ്, തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവൽ തോമസ്, സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ റ്റി. ബി സുബൈർ പരിപാടിയിൽ പങ്കെടുത്തു.

ലഹരി വിരുദ്ധ സന്ദേശയാത്ര നാളെ എറണാകുളം ജില്ലയിൽ പ്രവേശിക്കും. 

 

 

ചിത്രം 1: സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര, കിക്ക് ഡ്രഗ്സിൻ്റെ ജില്ലാ തല പര്യടനത്തിൻ്റെ സമാപനം തൊടുപുഴയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു

 

ചിത്രം 2:സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേതൃത്വം നല്‍കുന്ന ലഹരി വിരുദ്ധ സന്ദേശയാത്ര, കിക്ക് ഡ്രഗ്സിൻ്റെ ജില്ലാ തല പര്യടനത്തിൻ്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച വാക്കത്തോൺ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

date