Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

 

 

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ ഒരു രൂപ പോലും ചിലവഴിക്കേണ്ടി വരില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇഷ്ടമുള്ള അത്രയും പഠിക്കാമെന്നും സഹായവുമായി സർക്കാർ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. കുഴുപ്പിള്ളിയിൽ മത്സ്യഫെഡിന്റെ മികവ് - 2025 വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

മത്സ്യത്തൊഴിലാളി മേഖലയിൽ നിന്ന് ഈ വർഷം മാത്രം 26 കുട്ടികളാണ് മെഡിക്കൽ വിദ്യാഭ്യാസത്തിന് അഡ്മിഷൻ എടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസം നൽകുന്നതിനായി 56 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. വിദേശത്ത് പോയി ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഉൾപ്പെടെ സർക്കാർ സഹായിക്കും. തീരത്തിന്റെ മക്കൾ ഡോക്ടർമാരും എഞ്ചിനീയർമാരും ഉന്നത ഉദ്യോഗസ്ഥരുമൊക്കെയായി ഉയരേണ്ടതുണ്ട്.

 

അതേസമയം മത്സ്യബന്ധന വകുപ്പ് നടത്തിയ സർവേയിൽ നിന്ന് വലിയൊരു ശതമാനം വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള 10 ടെക്നിക്കൽ സ്കൂളുകളിലും പ്രമോട്ടർമാരെ നിയമിച്ചിട്ടുണ്ട്. ടെക്നിക്കൽ സ്കൂളുകളിൽ നാലെണ്ണം ഉന്നത നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ബാക്കി ആറെണ്ണത്തിനെയും ഉന്നത നിലവാരത്തിലേക്ക് എത്തിക്കാൻ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 25 കോടി രൂപ കൂടി കണ്ടെത്താനാണ് ശ്രമിക്കുന്നത്.

 

മത്സ്യബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഏതെങ്കിലും ഒരു ഘട്ടത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വന്നാൽ ആ കുടുംബം പട്ടിണി ആകരുത് എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. ഇത് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ തീരം പോലുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വിദ്യാസമ്പന്നരായ മക്കൾക്ക് ഇൻറർവ്യൂവിനെ നേരിടുന്നതിന് ഉൾപ്പെടെയുള്ള പരിശീലനം നൽകി വിവിധ സ്ഥാപനങ്ങളിൽ ഉയർന്ന ജോലി ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 25000 പേരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ 3000 പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

 

ഒറ്റ മത്സ്യത്തൊഴിലാളിക്കും ഗോഡൗണുകളിലോ വഴിയിലോ കിടക്കേണ്ട സ്ഥിതി ഇന്ന് കേരളത്തിൽ ഇല്ല. ഈ സർക്കാർ അധികാരമേറ്റ ശേഷം പുനർഹം പദ്ധതിയുടെ ഭാഗമായി 6000 വീടുകൾ വെച്ച് നൽകിയിട്ടുണ്ട്. 1300 ഫ്ലാറ്റുകളുടെ താക്കോൽദാനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും.

 

പരീക്ഷയിൽ ഫുൾ എ പ്ലസ് നേടുക എന്നതല്ല, ജീവിതത്തിൽ വിജയം കരസ്ഥമാക്കുന്നതാണ് കാര്യമെന്നും സ്വയം പഠിക്കുന്നതിനൊപ്പം മറ്റുള്ളവരെ പഠിക്കാൻ പ്രേരിപ്പിക്കുക കൂടി ചെയ്യണമെന്നും അവാർഡ് ജേതാക്കളോട് അദ്ദേഹം പറഞ്ഞു.

 

ചടങ്ങിൽ സംയോജിത ആധുനിക നായരമ്പലം മത്സ്യഗ്രാമം പദ്ധതിയുടെ നിർമ്മാണോദ്ഘാടനവും ഓട്ടോകിയോസ്കുകളുടെ വിതരണവും ദേശീയതലത്തിൽ മികച്ച എഫ്.എഫ്.പിഒയ്ക്കുള്ള അവാർഡ് ലഭിച്ച ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സംഘത്തെ ആദരിക്കലും ഇൻഷുറൻസ് ധനസഹായ വിതരണവും നിർവഹിച്ചു.

 

കുഴുപ്പിള്ളി അയ്യമ്പിള്ളി സഹകരണ നിലയത്തിൽ നടന്ന ചടങ്ങിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് എം.ഡി ഡോ. പി. സഹദേവൻ, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, ഭരണ സമിതി അംഗം ടി. രഘുവരൻ, ജില്ലാ മാനേജർ കെ.എസ് സുനിത മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് അക്ബർ, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് നിബിൻ, ബ്ലോക്ക് അംഗം ശാന്തിനി പ്രസാദ്, പഞ്ചായത്ത് അംഗം ഷൈബി ഗോപാലകൃഷ്ണൻ, മത്സ്യഫെഡ് ഭരണ സമിതി അംഗങ്ങളായ പി.ബി ഫ്രാൻസിസ്, ലത ഉണ്ണിരാജ്, ഫിഷറീസ് ഉദ്യോഗസ്ഥരായ മാജ ജോസ്, എസ്. ജയശ്രീ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ല സെക്രട്ടറി യേശുദാസ് പറപ്പിള്ളി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് പി.ജെ കുശൻ, കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘം ജില്ലാ സെക്രട്ടറി എൻ.എം സതീശൻ എന്നിവർ പങ്കെടുത്തു.

date