Skip to main content

തദ്ദേശസ്വയംഭരണ സ്ഥാപന മാതൃകയില്‍ വനിതാ സംവരണം നിയമസഭയിലും നടപ്പിലാക്കണം - സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം മാതൃകാപരം. ഇത്തരത്തില്‍ സ്ത്രീ സംവരണം നടപ്പാക്കിയാല്‍ മാത്രമേ നിയമസഭകളിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണ നേതൃത്വത്തിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകുമായിരുന്ന പ്രഗല്‍മതികളായ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും ഭരണ നേതൃത്വത്തിലേക്ക് എത്തുന്നതിനും ഇത് ഏറെ സഹായിച്ചതായി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അഭിപ്രായപ്പെട്ടു.

കൊണ്ടോട്ടി നഗരത്തില്‍ 1.37 കോടി രൂപ ചെലവില്‍ നവീകരിച്ച കൊണ്ടോട്ടി നഗരസഭ പി. സീതി ഹാജി ബസ് സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. ജനാധിപത്യത്തിലെ അഭിപ്രായ വ്യത്യാസം ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് ഭരണകക്ഷിയാണെന്ന് സ്പീക്കര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായ ചടങ്ങില്‍ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, എം.എല്‍.എ.മാരായ പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, പി.ഉബൈദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എ. നിതാ ഷഹീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി.

നഗരസഭയുടെ വിവിധ പദ്ധതികളും തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഫണ്ടും വകയിരുത്തിയാണ്
1.37 കോടി രൂപ ചെലവില്‍ ബസ്റ്റാന്‍ഡ് ടെര്‍മിനല്‍ നവീകരിച്ചത്. കൊണ്ടോട്ടി പട്ടണത്തിന്റെ സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. വിശാലമായ ഇരിപ്പിടങ്ങള്‍,സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായ വനിതാ വിശ്രമ മുറിയും മുലയൂട്ടല്‍ കേന്ദ്രവും, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷികാര്‍ക്കും പ്രത്യേകം ശൗചാലയങ്ങള്‍, കോഫി ഹൗസ്, പൊലീസ് ഹെഡ് പോസ്റ്റ്, സര്‍ക്കാറിന്റെ കെ-സ്മാര്‍ട്ട് പ്രവര്‍ത്തങ്ങള്‍ വേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഫ്രണ്ട് ഓഫീസ്, ദൂരദേശ യാത്രക്കാര്‍ക്ക് സഹായമാകും വിധത്തില്‍ റിഫ്രഷ്‌മെന്റ് ഏരിയ എന്നിവ ഉള്‍പ്പെടുത്തിയാണ് ബസ് സ്റ്റാന്‍ഡ് നനവീകരിച്ചത്. ഇതോടൊപ്പം വിവിധ പ്രദേശങ്ങളിലേക്കുള്ള ബസ്സുകള്‍ക്കായി ബസ് ബേ, ബസ്റ്റാന്‍ഡ് ടെര്‍മിനലിനകത്ത് രാത്രികാലങ്ങളില്‍ മതിയായ രീതിയിലുള്ള വെളിച്ച സംവിധാനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നു പോകുന്ന ബസ് സ്റ്റാന്റില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ്് പരിസരത്ത് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സി അബ്ദുറഹിമാന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ അഷ്‌റഫ് മടാന്‍, സ്ഥിരം സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date