വികസന വേഗം കൂടും പദ്ധതികൾക്ക് ദിശബോധം പകർന്ന് മേഖലാതല അവലോകന യോഗം
വികസന പദ്ധതികൾക്ക് വേഗവും ദിശബോധവും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള കണ്ണൂർ മേഖലാ അവലോകന യോഗം. നാല് ജില്ലകളിലെ വിവിധ പദ്ധതികളുടെ പ്രശ്‌നങ്ങൾ കലക്ടർമാർ മുഖ്യമന്ത്രിയുടെ മുമ്പാടെ അവതരിപ്പിച്ചു. ഓരോ വിഷയത്തിലും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും പുതിയ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. തുടർന്ന് സർക്കാറിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനവും മുഖ്യമന്ത്രി നടത്തി.
ഏത് കീറാമുട്ടി പ്രശ്നവും പരിഹരിക്കുന്നതിന് വകുപ്പുകളുടെ ഏകോപനവും ചർച്ചയിലൂടെ സാധിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മേഖല ആമുഖമായി പറഞ്ഞു. കൂടുതൽ വേഗത്തിലും കൂടുതൽ മികവോടെയും വികസന, ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നിർദേശങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മുന്നോട്ടുവച്ചത്.
കണ്ണൂരിന്റെ വികസന വിഷയങ്ങളിൽ സമഗ്ര ചർച്ച
ജില്ലകളിൽ പുരോഗമിക്കുന്ന വികസന-ക്ഷേമ പദ്ധതികളും പുതിയ നിർദേശങ്ങളും ജില്ലാ കലക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചു. ഉപയോഗ യോഗ്യമല്ലാത്ത ഫൈബർ ബോട്ടുകൾ, വലകൾ തുടങ്ങിയവ സംസ്‌കരിക്കുന്നതിനായി നിലവിൽ സംവിധാനം ഇല്ലാത്തത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കലക്ടർ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും ഫിഷറീസ് വകുപ്പും ക്ലീൻ കേരള കമ്പനിയും മുൻകൈയെടുത്ത് ഇവ സംസ്‌കരിക്കുന്നതിന് കൃത്യമായ മാർഗരേഖ തയ്യാറാക്കും. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കരട് മാർഗരേഖ (കാലികമായി പ്രായോഗിക സാധ്യതയുള്ള) തയ്യാറാക്കുന്നതിനു ശുചിത്വ മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളതായി തദ്ദേശ സ്വയംഭരണ വകുപ്പു ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. കരട് മാർഗരേഖ പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ജില്ലകളെയും ബാധിക്കുന്ന പ്രശ്നമായതിനാൽ ബോട്ടുകൾ, വലകൾ തുടങ്ങിയവ സംസ്‌കരിക്കുന്നതിനായി ഏതെങ്കിലും ഒരിടത്ത് സ്ഥലം കണ്ടെത്താൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. ഇതിന് ധനവകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം പ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ഈ പ്രദേശങ്ങളിലെ പ്രവൃത്തികൾ തലശ്ശേരിയിലെ ഹോട്ട് സ്‌പോട്ട് ഏരിയയിൽ ഉൾപ്പെടുത്തി എ.ഡി.ബി സ്‌കീമിൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കണ്ണൂർ സ്പോർട്സ് സ്‌കൂൾ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ ടൗൺ സ്പോർട്സ് സ്‌കൂളിൽ തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്‌കൂളിനൊപ്പമുള്ള വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കായിക വകുപ്പ് സെക്രട്ടറി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്നും സെക്രട്ടറി പറഞ്ഞു.
പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പെരിങ്ങോം മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ ഭൗതിക സൗകര്യം ഉപയോഗപ്പെടുത്തി പട്ടികജാതി /പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ഉപയോഗപ്രദമായ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ തയ്യാറാക്കുന്ന റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു. ആറളം ഫാം തൊഴിലാളികൾക്കുള്ള 11 കോടി ശമ്പള കുടിശിക സംബന്ധിച്ച് ധനകാര്യ വകുപ്പ് പരിശോധിച്ചു വരുന്നതായി പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് അറിയിച്ചു.
പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന സമുച്ചയ നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഏഴോം വില്ലേജിലെ 50 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം പട്ടികജാതി വികസന വകുപ്പിൽ നിലനിർത്തി കൊണ്ട് പാട്ട വ്യവസ്ഥയിൽ ജില്ലാ പഞ്ചായത്തിന് വിട്ടു നൽകുന്നതിനുള്ള വിഷയത്തിന്മേൽ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി അറിയിച്ചു.
പയ്യന്നൂർ താലൂക്ക് പുളിങ്ങോം വില്ലേജിലെ കേരള കർണാടക അതിർത്തി തർക്കം പരിഹരിക്കുന്നത് ഇരു സംസ്ഥാനങ്ങളും സംയുക്ത സർവേ നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് സെക്രട്ടറി അറിയിച്ചു.
കല്ല്യാട് അന്താരാഷ്ട്ര ആയുർവേദ സെന്ററിന്റെ 75 ശതമാനം പണികളാണ് പൂർത്തിയായത്. പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ നിർമ്മാണത്തിൽ മെല്ലെപ്പോക്ക് സ്വീകരിച്ചതിനാലാണ് കാലതാമസം നേരിട്ടതെന്നും കരാറുകാരന്റെ പവർ ഓഫ് അറ്റോർണി പ്രകാരം ഉപകരാറുകാരൻ പണി ഉടൻ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.
പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ട്രോമ കെയർ ഉൾപ്പെടെയുള്ള നിർമ്മാണത്തിനുള്ള പദ്ധതി ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണയിലാണെന്നും അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കാനാകുമെന്നും സെക്രട്ടറി അറിയിച്ചു.
കണ്ണൂർ മെഡിക്കൽ കോളേജിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ധനസഹായത്തോടെ ചെയ്തിരുന്ന പ്രവൃത്തികളിൽ ട്രോമ കെയർ നിർമ്മാണത്തിനുള്ള ആർക്കിടെക്ചറൽ ഡ്രോയിംഗ് പുതുക്കി സാമ്പത്തിക അനുമതിയ്ക്കായി കിഫ്ബിയിൽ നൽകുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. ആശുപത്രിയുടെ വിവിധ അറ്റകുറ്റ പ്രവൃത്തികളുടെ 85 ശതമാനം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നു. സീവേജ് ട്രീറ്റ്മെന്റ് നവീകരണപ്രവൃത്തി പുരോഗമിക്കുന്നു. കൂടാതെ സ്വച്ഛ ഭാരത് മിഷൻ ഫണ്ട് ഉപയോഗിച്ച് ഉപയോഗിച്ചുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും കോ ട്രീറ്റ്മെന്റ് പ്ലാന്റും എഫ്.എസ്.ടി.പി സംവിധാനത്തോടു കൂടി സ്ഥാപിക്കുന്നതിനും വേണ്ട ഭൂമിയുടെ ഉപയോഗാനുമതി ലഭിച്ചിട്ടുണ്ട്. ഫാർമസി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലുകളുടെ ശോചനീയവസ്ഥ പരിഹരിക്കുന്നതിനായുള്ള നവീകരണ പ്രവർത്തനം പൂർത്തീകരിച്ചിട്ടുണ്ട്. ലേഡീസ് ഹോസ്റ്റലിന്റെ പെയിന്റിംഗ് പ്രവൃത്തിയും പൂർത്തികരിച്ചിട്ടുണ്ട്. എം.ബി.ബി.എസ് ആൺകട്ടികളുടെ ഹോസ്റ്റലിൽ നവീകരണ പ്രവർത്തനം, ഫാർമസി കോളേജിലെ അഡിഷണൽ ക്ലാസ്റ്റ് റൂം എന്നിവ നിർമ്മിച്ചിട്ടുണ്ട്. രാത്രി ഓട്ടോപ്സി നടത്തുന്നതിനായി ഫോറൻസിക് വിഭാഗം നവീകരിക്കുന്നതിന് വേണ്ടി 98.11 ലക്ഷം രൂപയുടെ പ്രവൃത്തി പൂർത്തീകരിച്ചു. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, കാത്ത് ലാബ്, ഡിജിറ്റൽ -റേഡിയോഗ്രാഫി, ഐ.എ.ബി.പി മെഷീൻ, വെന്റിലേറ്റർ മുതലായവ വിവിധ ഫണ്ട് ഉപയോഗിച്ച് വാങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കുന്നതിനായി ഹൗസിംഗ് ബോർഡ് ആശ്വാസ ഭവന നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ രൂപീകരിച്ച പ്രത്യേക കൗണ്ടർ വഴി ക്യാൻസർ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കി വരുന്നു. കാരുണ്യ സ്പർശം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് കണ്ണൂർ മെഡിക്കൽ കോളേജിലേ മെഡിക്കൽ ഹോസ്റ്റൽ നിർമ്മിക്കുന്നതിനായി 22.71 കോടി രൂപയുടെ സമഗ്ര ഭരണാനുമതിയും, ഫേസ് വർക്കുകൾക്കായി മൂന്ന് കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമായി. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിന്റെ പിജി ഹോസ്റ്റൽ നിർമ്മാണത്തിനായി 28.16 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാണ്. ഇതിന്റെ നിർമ്മാണത്തിനായി 22 കോടി രൂപയുടെ ഭരണാനുമതി അനുവദിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളേജിലെ ജോലി ചെയ്തിരുന്ന ജീവനക്കാരെ സർക്കാർ സർവ്വീസിലേക്ക് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 521 നഴ്സിംഗ് തസ്തികകൾ, 147 മെഡിക്കൽ തസ്തികകൾ, എൻ.എം.സി മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അധിക 100 തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റെടുക്കുന്നതിനായി സൃഷ്ടിച്ച തസ്തികകളിലേക്ക് നഴ്സുമാരെയും അധ്യാപകരേയും അക്കോമഡേറ്റ് ചെയ്തു ഉത്തരവ് നൽകുകയും അതിനു ശേഷം സർക്കാർ നിർദ്ദേശ പ്രകാരമുള്ള ഓപ്ഷൻ വാങ്ങി അധ്യാപർക്കും, നഴ്‌സിംഗ് ജീവനക്കാർക്കും താൽക്കാലിക നിയമന ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. മറ്റ് സ്ഥിരം ജീവനക്കാരെ ഏറ്റെടുക്കുന്നതിനായി തസ്തികകൾ സൃഷ്ടിച്ചു. കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനം സംബന്ധിച്ച വിഷയങ്ങൾക്ക് ഏറ്റവും മുൻഗണന നൽകി ചെയ്തു വരികയാണെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു.
മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്ണൻ കുട്ടി, എം. ബി രാജേഷ്, പി.എ മുഹമ്മദ് റിയാസ്, ഒ ആർ കേളു, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പ് സെക്രട്ടറിമാർ, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലെ കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments