തമ്മനം - പുല്ലേപടി റോഡ് വികസനം : നടപടിക്രമങ്ങൾ വേഗത്തിലാക്കും
തമ്മനം-പുല്ലേ പ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുത്ത് നടപടിക്രമങ്ങൾ വേഗത്തിലാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. തമ്മനം പുല്ലേപ്പടി റോഡ് വികസനവുമായി ബന്ധപ്പെട്ട് മേയർ അഡ്വ എം അനിൽ കുമാറിന്റെയും ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം . ഈ വർഷം അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുന്ന രീതിയിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
തമ്മനം പുല്ലേപടി റോഡിന്റെ 4(1) നോട്ടിഫിക്കേഷൻ ഏപ്രിൽ പത്തിന് പുറത്തിറക്കിയിരുന്നു. ഏറ്റെടുക്കാനുള്ള മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കെ.ആർ.എഫ്.ബിക്ക് കൈമാറുന്നതാണെന്നും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സാമൂഹിക ആഘാത പഠനത്തിനായുള്ള ഡേറ്റ കളക്ഷൻ ആരംഭിച്ചു കഴിഞ്ഞു. സാമൂഹിക ആഘാത പഠനം പൂർത്തിയാക്കിയതിനു ശേഷം 11(1) നോട്ടിഫിക്കേഷൻ പുറത്തിറക്കും.
19(1) നോട്ടിഫിക്കേഷൻ പുറത്തിറക്കും മുമ്പ് തന്നെ വിട്ടു കിട്ടിയ സ്ഥലത്ത് പോസ്റ്റ് തുടങ്ങിയ തടസ്സങ്ങൾ നീക്കം ചെയ്ത് താൽക്കാലിക റോഡ് മെറ്റൽ ചെയ്യാനുള്ള നടപടികൾ ആരംഭിക്കാൻ മേയർ ആവശ്യപ്പെട്ടു. ഭൂമിക്ക് പണം ലഭിച്ചാൽ മുഴുവൻ ആളുകളും ഭൂമി വിട്ടു നൽകാൻ തയ്യാറാണ്. ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഏറ്റെടുത്ത സ്ഥലത്ത് വീതി കൂട്ടാനുള്ള നടപടികൾ ആരംഭിക്കണമെന്നും മേയർ പറഞ്ഞു. റോഡിലെ കുഴികൾ അടക്കമുള്ള തടസ്സങ്ങൾ നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ കിഫ്‌ബിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- Log in to post comments