സ്മാർട്ടായി വടക്കേക്കര വില്ലേജ് ഓഫീസ്: മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
പുതുതായി നിർമ്മിച്ച വടക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ജനങ്ങൾക്ക് സമർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
അഞ്ച് സെന്റ് സ്ഥലത്ത് 1170-ഓളം ചതുരശ്ര അടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണം. റവന്യൂ വകുപ്പിന്റെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായാണ് വില്ലേജ് ഓഫീസ് നിർമ്മിച്ചത്. പഴയ വില്ലേജ് ഓഫീസ് പൊളിച്ച് പുതുക്കി പണിയുകയായിരുന്നു.
ചടങ്ങിൽ പറവൂർ മുൻസിപ്പൽ ചെയർപേഴ്സൺ ബീന ശശിധരൻ, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാർ, ജില്ല പഞ്ചായത്ത് അംഗം എ.എസ് അനില്‍ കുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മണി ടീച്ചർ, വാർഡ് മെമ്പർ എം.എസ്. അഭിലാഷ്, ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, പറവൂർ തഹസിൽദാർ പി.ഒ ജയിംസ് തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments