Skip to main content
0

വുഷു ചാമ്പ്യന്മാര്‍ക്ക് പുതിയ കരുത്ത്: കുന്ദമംഗലം കോളേജില്‍ ആധുനിക പ്ലാറ്റ്‌ഫോം

ഇടിക്കൂട്ടില്‍ പുതിയ പോരാളികളെ വാര്‍ത്തെടുക്കാന്‍ പുതിയ വുഷു പ്ലാറ്റ്‌ഫോം ഒരുക്കി കുന്ദമംഗലം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. അന്താരാഷ്ട്ര നിലവാരത്തില്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച പ്ലാറ്റ്‌ഫോമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതമായ ചൈനീസ് ആയോധന കലയായ വുഷുവില്‍ നിലവില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരാണ് കുന്ദമംഗലം കോളേജ്. മികച്ച നിലവാരത്തിലുള്ള വുഷു പ്ലാറ്റ്‌ഫോം ഒരുങ്ങിയതിലൂടെ ഈ രംഗത്ത് ജില്ലയ്ക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

പരിമിതമായ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് സാധാരണ വുഷു മാറ്റ് ഉപയോഗിച്ചാണ് ഇതുവരെ കോളേജില്‍ പരിശീലനം നല്‍കിവന്നത്. ഇതില്‍ 20 പേര്‍ ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കുകയും അഞ്ച് പേര്‍ മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. മൂന്ന് യുജി കോഴ്‌സും ഒരു പിജി കോഴ്‌സും മാത്രമായി 2014 ല്‍ ആരംഭിച്ച കോളേജ് 2020 മുതല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം വൂഷുവില്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരുമായിരുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കെട്ടിടത്തിലാണ് നിലവില്‍ പ്ലാറ്റ്‌ഫോമുള്ളത്. വിപുലമായ സൗകര്യങ്ങളോടെ ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മിച്ച് വുഷു പ്ലാറ്റ്‌ഫോം അതിലേക്ക് മാറ്റാനായാല്‍ കോളേജിനു പുറത്തുള്ള വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കി കായികലോകത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കുമെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും നാഷണല്‍ മെഡലിസ്റ്റും കോളേജ് വുഷു കോച്ചുമായ എ പി ജഫ്‌സല്‍ പറഞ്ഞു.

ധാരാളം സാധ്യതകളുള്ള കായികയിനമാണ് കുന്‍ഫുവിന്റെ വകഭേദമായ വുഷു. മത്സരപരീക്ഷകള്‍ക്കും തുടര്‍വിദ്യാഭ്യാസത്തിനും വുഷു ചാമ്പ്യന്മാര്‍ക്ക് വെയ്‌റ്റേജും ലഭിക്കും. വുഷുവില്‍ ദേശീയ മെഡല്‍ ലഭിച്ച മൂന്ന് പേര്‍ക്ക് സ്‌പോടര്‍ട്‌സ് ക്വാട്ടയില്‍ സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്.

പിടിഎ റഹീം എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. 2014 താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കുന്നമംഗലം കോളേജില്‍ വലിയ വികസന മുന്നേറ്റമാണ് വന്നിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികളും ലേഡീസ് ഹോസ്റ്റലും കാന്റീനും ഫുട്‌ബോള്‍ ടര്‍ഫും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും കോളേജിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്.

date