പട്ടിക വിഭാഗക്കാരുടെ ഭൂമി കയ്യേറുന്നെന്ന പരാതി ഗൗരവമായി പരിശോധിക്കും: കെ ശാന്തകുമാരി എംഎല്‍എ
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അനുവദിച്ച ഭൂമി മറ്റുള്ളവര്‍ കയ്യേറുന്നെന്ന പരാതി ഗൗരവമായി പരിശോധിക്കുമെന്ന് കേരള നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ കെ ശാന്തകുമാരി എംഎല്‍എ. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം സംബന്ധിച്ച് കേരള നിയമസഭാ പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ സമിതി നടത്തിയ സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്‌സണ്‍.
വിവിധ നഗരസഭകളിലെ എസ് സി, എസ് ടി ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നിയമസഭാ സമിതിക്ക് കൈമാറണമെന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
അട്ടപ്പാടി കോട്ടത്തറ വില്ലേജിലെ ഭൂമി കയ്യേറ്റം സംബന്ധിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് ചെയര്‍പേഴ്‌സണ്‍ നിര്‍ദ്ദേശം നല്‍കി. മൂന്ന് ഘട്ടമായി നടത്തുന്ന പരിശോധനയില്‍ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ സമിതിയെ അറിയിച്ചു.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന, പട്ടികജാതി വികസന ഫണ്ട് മുഖേന ഭൂമി ലഭ്യമാക്കാന്‍ കഴിയാത്ത ചക്കിളിയിന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുതിയ പദ്ധതി ആവിഷ്‌കരിച്ച് ഫണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. അട്ടപ്പാടി പരിസ്ഥിതി പുനസ്ഥാപന പദ്ധതിയായ അഹാഡ്സിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ മുൻ ജീവനക്കാരെ സംരക്ഷിക്കാൻ വനപരിപാലന സമിതിയുടെ പരാതിയില്‍ പ്രത്യേക സിറ്റിംഗ് നടത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.കൃഷിയില്ലാതെ തരിശു ഭൂമിയായി കിടക്കുന്ന ആദിവാസി മേഖലകളിലെ സ്ഥലങ്ങളിൽ കൃഷിയിറക്കുവാൻ വേണ്ട ജലസേചന സൗകര്യം ഒരുക്കാൻ ജലസേചന വകുപ്പിനോടാവശ്യപ്പെട്ടു. പെരിങ്ങോട്ടുകുഴി പഞ്ചായത്തിലെ കണക്കത്തറ കോളനിയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കാനും നിർദ്ദേശിച്ചു. പട്ടികജാതി പട്ടികവർഗ്ഗക്കാർ ജോലിചെയ്യുന്ന സേവക് സ്ഥാപനത്തിലെ തൊഴിലാളികൾക്ക് മാസം തോറുമുള്ള ശമ്പളം അഞ്ചാം തിയ്യതിക്കകം നൽകാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.
പാലക്കാട് ജില്ലയിലെ പരാതികളില്‍ നടന്ന സിറ്റിങ്ങില്‍ 24 പരാതികള്‍ പരിഗണിച്ചു. പുതിയതായി 21 പരാതികള്‍ ലഭിച്ചു. പുതുതായി ലഭിച്ചതില്‍ 15 പരാതികള്‍ സമിതി പരിശോധിക്കും. ആറ്റെണ്ണം ജില്ലാതല പരിശോധനയ്ക്കായി കൈമാറി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പി പി സുമോദ് എംഎല്‍എ, എംഎല്‍എമാരായ വി ശശി, കടകംപിള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, നിയമസഭാ സമിതി അണ്ടര്‍ സെക്രട്ടറി വി ഒ അജിത് കുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ സക്കീര്‍ ഹുസൈന്‍, സീനിയര്‍ സൂപ്രണ്ട് എ മുരളീധരന്‍, സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ജിബുമോന്‍ പി മാണി, സീനിയര്‍ ഗ്രേഡ് റിപ്പോര്‍ട്ടര്‍ കെ ശ്രീലത, അസംബ്ലി അറ്റന്‍ഡര്‍ എ റിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡേറ്റാ എന്‍ട്രി ജൂലൈ 15 നകം പൂര്‍ത്തിയാക്കണം
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് വഴി നല്‍കുന്ന കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്, ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, ഒ.ബി.സി, ഇ.ബി.സി ആന്‍ഡ് ഡി.എന്‍.ടി വിദ്യാര്‍ഥികള്‍ക്കുള്ള പി.എം-യസാസ് വി(PM-YASASVI) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്നീ പദ്ധതികളുടെ ഡേറ്റാ എന്‍ട്രി ജൂലൈ 15 നകം സ്കൂള്‍ അധികൃതര്‍ പൂര്‍ത്തീകരിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മേല്‍ പദ്ധതികളുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0492 2222335
- Log in to post comments