പോളിടെക്‌നിക് റഗുലർ ഡിപ്ലോമ ജില്ലാതല കൗൺസിലിംഗ്
സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ ഗവ.കോസ്റ്റ് ഷെയറിങ് (IHRD/ CAPE)/ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള ജില്ലാതല കൗൺസിലിങ്ങ് ജൂലൈ 15 മുതൽ 21 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. അപേക്ഷകർക്ക് 11 മുതൽ 14 വരെ തീയതികളിൽ അഡ്മിഷൻ വെബ്‌സൈറ്റിലെ “Counselling/Spot Admission Registration” ലിങ്ക് വഴി ഓൺലൈനായി ആപ്ലിക്കേഷൻ/മൊബൈൽ /One Time Registration നമ്പരും ജനനതീയതിയും നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ ജില്ലാതല കൗൺസലിംഗിൽ പങ്കെടുപ്പിക്കുന്നതല്ല. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേർക്കും ജില്ലാതല കൗൺസലിംഗിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷകന് പരമാവധി മൂന്ന് ജില്ലകളിലേക്ക് മാത്രമേ ഒരേസമയം കൗൺസലിംഗിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ, ആയതിനാൽ അപേക്ഷകന് സൗകര്യപ്രദമായ ജില്ലകൾ നോക്കി തെരഞ്ഞെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൂന്ന് ജില്ലകൾക്കു പുറമേ ഇടുക്കി, വയനാട് ജില്ലകൾ അധികമായി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല.
നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്. നിലവിൽ പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച രസീതോ ഹാജരാക്കിയാൽ മതിയാകും. സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പും, അഡ്മിഷൻ സ്ലിപ്പോ ഫീസ് അടച്ചതിന്റെ രസീതോ അഡ്മിഷൻ ലഭിച്ചതിന്റെ രേഖകളോ ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടേണ്ടതാണ്.
www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമത്തിൽ അപേക്ഷകർ അതാതു നോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്. ദിവസത്തിലോ, സമയക്രമത്തിലോ മാറ്റം അനുവദിക്കുന്നതല്ല. കൗൺസലിംഗ് സമയത്ത് അപേക്ഷകന് അപ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജും ബ്രാഞ്ചും പുതുതായി ചേർത്ത് മുഴുവൻ ഫീസടച്ച് അഡ്മിഷൻ എടുക്കാവുന്നതാണ്. ഫീസടച്ച് അഡ്മിഷൻ എടുക്കാത്ത അപേക്ഷകന്റെ അഡ്മിഷൻ റദ്ദാക്കപ്പെടുന്നതും ലിസ്റ്റിലെ ക്രമമനുസരിച്ച് ഹാജരായിട്ടുള്ള അടുത്ത അപേക്ഷകന് നൽകുന്നതുമായിരിക്കും.
പി.എൻ.എക്സ് 3181/2025
- Log in to post comments