Skip to main content

പള്ളാത്തുരുത്തി പാലത്തിൻ്റെ ആർച്ച് കോൺക്രീറ്റിംഗ്: എ സി റോഡിൽ നാളെ (ജൂലൈ 12) മുതൽ ഗതാഗത നിയന്ത്രണം -- ഭാരവാഹനങ്ങൾ കടത്തിവിടില്ല

ആലപ്പുഴ- ചങ്ങനാശ്ശേരി  റോഡിൽ പുതിയ പള്ളാത്തുരുത്തി പാലത്തിൻ്റെ  ആർച്ച് കോൺക്രീറ്റിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ജൂലൈ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ 13 ഞായറാഴ്ച രാവിലെ ആറ് മണി വരെ എ സി റോഡിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം.

 കളക്ട്രേറ്റിൽ ചേർന്ന എ സി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട    ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്.

കോട്ടയം- ചങ്ങനാശ്ശേരിയിൽ നിന്ന്  ആലപ്പുഴയിലേക്ക്  വരുന്ന ഭാര വാഹനങ്ങൾ തിരുവല്ല വഴി തിരുവല്ല അമ്പലപ്പുഴ റോഡിലൂടെ  ദേശീയ പാതയിൽ എത്തിച്ചേരണം.

കോട്ടയം- ചങ്ങനാശ്ശേരിയിൽ നിന്നും  വരുന്ന ചെറു വാഹനങ്ങൾ എസി റോഡിലൂടെ സഞ്ചരിച്ച് മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം ഭാഗത്തേക്ക് തിരിഞ്ഞ്  നെടുമുടി പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ വഴി ദേശീയ പാതയിലെ കാക്കാഴം റെയിൽവേ മേൽപ്പാലത്തിന് വടക്ക് വശത്തുള്ള എസ് എൻ കവലയിൽ വന്ന് ആലപ്പുഴയിലേക്ക് യാത്ര തുടരണം.

ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ഭാരവാഹനങ്ങൾ അമ്പലപ്പുഴ - തിരുവല്ല റോഡിലൂടെ ചങ്ങനാശ്ശേരിക്ക് പോകണം. ആലപ്പുഴയിൽ നിന്നും ചങ്ങനാശ്ശേരിക്ക് പോകുന്ന ചെറു വാഹനങ്ങൾ  ദേശീയ പാതയിലെ  എസ് എൻ കവലയിൽ നിന്നും  കഞ്ഞിപ്പാടം - ചമ്പക്കുളം വഴി എ സി റോഡിലെ പൂപ്പള്ളിയിൽ ചെന്ന് ചങ്ങനാശ്ശേരിക്ക് യാത്ര തുടരണം.

പള്ളാത്തുരുത്തി പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ 
 പാലത്തിൻ്റെ നടുവിലുള്ള 72 മീ നീളമുള്ള ആർച്ചിൻ്റെ ആദ്യഘട്ട കോൺക്രീറ്റിംങ് പ്രവൃത്തികളാണ് ശനിയാഴ്ച നടക്കുക്ക.

യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു.
കെ എസ് റ്റി പി എക്സി. എഞ്ചിനീയർ ജി എസ് ജ്യോതി, അമ്പലപ്പുഴ ഡിവൈഎസ്പി   കെ എൻ രാജേഷ്, വിവിധ   വകുപ്പുകളിലെ    ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date