Skip to main content
 പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മന്ത്രി  കെ രാജന്‍

റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍ -ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു

-പട്ടയ അര്‍ഹതയുടെ വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി

സംസ്ഥാനത്ത് റവന്യു ഡിജിറ്റല്‍ കാര്‍ഡ് 2025 നവംബറോടെ നടപ്പാക്കുമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പൊതുജനങ്ങള്‍ക്ക് ഒരേ സര്‍ട്ടിഫിക്കറ്റ് ഒരേ ആവശ്യത്തിന് ഒരേ സ്ഥാപനത്തില്‍ നിന്നും ഒന്നിലധികം തവണ ലഭ്യമാക്കേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഭൂമി സംബന്ധമായ 14 ഓളം വിവരങ്ങള്‍ അടങ്ങിയ കാര്‍ഡ് ലഭ്യമാക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാതല പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ 312 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാവുകയാണ്. സര്‍വ്വെ പൂര്‍ത്തിയാവുന്ന മുറയ്ക്ക് എല്ലാ വില്ലേജുകളിലെയും ജനങ്ങള്‍ക്ക് അവരുടെ ഭൂമിയും കെട്ടിടവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഒരു വ്യക്തിയുടെ പേരിലുള്ള ഭൂമിയുടെ നികുതി, ഭൂമിയുടെ തരം, സ്വഭാവം, തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട എല്ലാ വിവരങ്ങളും ചിപ്പ് ഘടിപ്പിച്ച ഡിജിറ്റര്‍ കാര്‍ഡ് മുഖേന ലഭിക്കും. വില്ലേജ് ഓഫീസര്‍ ഒപ്പിടുന്ന, വിശ്വസ്തതയോടെ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ഘട്ടംഘട്ടമായി ഡിജിറ്റല്‍ ലോക്കര്‍ സംവിധാനത്തില്‍ ഓരോ കുടുംബങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തും. സംസ്ഥാനത്ത് കുറഞ്ഞ കാലയളവില്‍ റവന്യു വകുപ്പ് വിതരണം ചെയ്തത് 12 കോടി ഇ-സര്‍ട്ടിഫിക്കറ്റുകളാണ്.  

ഡിജിറ്റല്‍ സര്‍വ്വെയുടെ ഭാഗമായി കണ്ടെത്തുന്ന കൈവശമുള്ളതും എന്നാല്‍ ആരുടെയും പേരിലല്ലാത്ത ഭൂമിയുടെ ഉടമസ്ഥതയും അര്‍ഹതയും പരിശോധിച്ച് പട്ടയം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ട്. ഭൂരഹിതരായ ഒരാളുമില്ലാത്ത കേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂരഹിതരായ മുഴുവന്‍ ആളുകളെയും ഭൂവുടമകളാക്കുകയാണ് സര്‍ക്കാര്‍. കഴിഞ്ഞ 9 വര്‍ഷക്കാലം 4,0,9,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിടുമ്പോള്‍ 2,0,2,300 പട്ടയങ്ങളും വിതരണം ചെയ്തു. പട്ടയ മിഷനിലൂടെ ജില്ലകളില്‍ പരിഹരിക്കാവാത്ത ഭൂമി പ്രശ്‌ന പരിഹാരത്തിന് പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി പരിശോധിച്ച് ഇതര വകുപ്പുകളുടെ കൈവശമുള്ള ഭൂമിയാണെങ്കില്‍ വകുപ്പുകളുടെ ഏകോപനത്തോടെ അര്‍ഹരായവര്‍ക്ക് ഭൂമി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍.

50 വര്‍ഷക്കാലമായുള്ള വിവിധ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പട്ടയ ഡാഷ് ബോര്‍ഡിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  പട്ടയ മിഷനായി വില്ലേജ്, താലൂക്ക്, ജില്ല, സംസ്ഥാന തലത്തില്‍ സമിതി രൂപീകരിച്ച് ചീഫ് സെക്രട്ടറി ചെയര്‍മാനും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ അതിവേഗം പട്ടയം വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ച് വരികയാണ്.

സാധാരണക്കാരായ അര്‍ഹരായ ആളുകള്‍ക്ക് ഭൂമി ലഭിക്കാന്‍ നിയമങ്ങളിലോ ചട്ടങ്ങളിലോ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ മടിക്കില്ല. അര്‍ഹതപ്പെട്ടവന് ഭൂമി എന്നതില്‍ സര്‍ക്കാറിന് കൃത്യമായ ധാരണയുണ്ട്. കൈവശക്കാര്‍, കുടിയേറ്റക്കാര്‍, കയ്യേറ്റക്കാര്‍ എന്നിവരെ ഒരു പോലെയല്ല സര്‍ക്കാര്‍ കാണുന്നത്. കുടിയേറ്റക്കാരായ മനുഷ്യര്‍ മറ്റു നിവര്‍ത്തികളില്ലാതെ ജീവിത ലക്ഷ്യത്തിനായി പണിയെടുക്കാനും താമസിക്കാനും കുടിയേറിയവരാണ്. എന്നാല്‍ ബോധപൂര്‍വ്വമായ കൈയ്യേറ്റങ്ങള്‍ നടത്തുന്നവരെ കണ്ടെത്തി കയ്യേറ്റങ്ങള്‍ ഒഴിവാക്കുകയും അത്തരത്തില്‍ പിടിച്ചെടുക്കുന്ന ഭൂമി സാധാരണക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍.

പട്ടയ അര്‍ഹതയുടെ വരുമാന പരിധി രണ്ടര ലക്ഷം രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ലാന്‍ഡ് അസൈന്‍മെന്റ് വിഭാഗത്തില്‍ 141, മിച്ചഭൂമി ഇനത്തില്‍ 66,  ക്രയ സര്‍ട്ടിഫിക്കറ്റ്, ലാന്‍ഡ് ട്രൈബ്യൂണല്‍  പട്ടയമായി 785, കൈവശ രേഖ (വനാവകാശം)-5 പട്ടയങ്ങളാണ് ചൊവ്വാഴ്ച്ച വിതരണം ചെയ്യ്തത്.  

അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ ആര്‍ കേളു

'എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' കര്‍മ്മ പദ്ധതിയുടെ ഭാഗമായി അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു.

മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാതല പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരമേറ്റശേഷം ജില്ലയില്‍ നടന്ന ഏഴ് പട്ടയ മേളകളിലായി 5413 പട്ടയങ്ങള്‍ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു. താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന പട്ടയ അസംബ്ലികളില്‍ ഗുണഭോക്താക്കളും ജനപ്രതിനിധികളും ഇടപെടല്‍ നടത്തണം. ഇതര വകുപ്പുകളുടെ കൈവശമുള്ള ഭൂമിക്ക് ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഗോത്ര വിഭാഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് പ്രത്യേക ശ്രദ്ധയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രേഖ നല്‍കുന്നതില്‍ കാലതാമസം ഉണ്ടാവുന്നത് എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി കൃത്യത ഉറപ്പാക്കു ന്നതിനാലാണ്.

പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് വനമേഖലയിലുള്‍പ്പെട്ട പ്രദേശത്തെ സര്‍വ്വെ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

തുരങ്കപാത നിര്‍മ്മാണം  അതിവേഗം നടപ്പാക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയുടെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് സര്‍ക്കാര്‍ അതിവേഗം നടപടികള്‍ നടപ്പാക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം കെ ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്,  രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

date