അഴീക്കോട് മണ്ഡലം പട്ടയമേള; 76 പേർ കൂടി ഭൂമിയുടെ അവകാശികളായി
ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അഴീക്കോട് നിയോജക മണ്ഡലത്തിൽ നടന്ന പട്ടയമേളയിൽ 76 പേർ കൂടി ഭൂമിയുടെ അവകാശികളായി. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. കൂത്തുപറമ്പിൽ 61, പയ്യന്നൂർ 10 ഉൾപ്പെടെ 71 എൽടി പട്ടയങ്ങളും അഞ്ച് എൽഎ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.
ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ എത്തുകയാണെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഒമ്പത് വർഷം കൊണ്ട് സംസ്ഥാനത്താകെ 4,09,000 പട്ടയങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാർ ഇതിനോടകം 2,23,000 പട്ടയങ്ങൾ വിതരണം ചെയ്തു. ഡിജിറ്റൽ സർവേ പൂർത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതർക്കവും സംസ്ഥാനത്തെവിടെയും ഉണ്ടാകില്ല. കേരളം നേരിടുന്ന വലിയ പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുക. ശാസ്ത്രീയമായ സർവേ വഴി ഏതൊരു ഭൂമി സംബന്ധിച്ച വിവരവും സുതാര്യമാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന മഹാപ്രക്രിയയാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ് നവകേരളം. അതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ മിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്നങ്ങൾ പരിഹരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ചിറക്കൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പട്ടയമേളയിൽ കെ.വി. സുമേഷ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ ടി.സരള, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുശീല, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് വാർഡ് അംഗം കെ.കെ നാരായണൻ, എഡിഎം കലാഭാസ്കർ, കണ്ണൂർ എൽ ആർ തഹസിൽദാർ എം.കെ മനോജ് കുമാർ, പി രമേശ് ബാബു, എം അനിൽകുമാർ, പി.ടി രത്നാകരൻ, അഷറഫ് പഴഞ്ചിറ, രത്നാകരൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments