പട്ടയ അര്‍ഹതാ പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തല്‍ പരിഗണനയില്‍ -മന്ത്രി കെ രാജന്‍
കോഴിക്കോട്, താമരശ്ശേരി താലൂക്ക് പട്ടയമേള: 1080 പട്ടയങ്ങള്‍ വിതരണം ചെയ്തു
പട്ടയ അര്‍ഹതാ പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടര ലക്ഷമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. 'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കോവൂര്‍ പി കൃഷ്ണപിള്ള ഓഡിറ്റോറിയത്തില്‍ നടന്ന കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് റവന്യൂ ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കും. ഭൂമിസംബന്ധമായ 14ഓളം വിവരങ്ങളടങ്ങിയതാകും കാര്‍ഡ്. സംസ്ഥാനത്തെ 312 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുകയാണ്. സര്‍വേ പൂര്‍ത്തിയായയുടന്‍ എല്ലാ വില്ലേജുകളിലെയും ജനങ്ങള്‍ക്ക് അവരുടെ ഭൂമിയുടെയും കെട്ടിടത്തിന്റെയും ഉള്‍പ്പെടെ സമ്പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ റവന്യൂ കാര്‍ഡ് വിതരണം ചെയ്യും. ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി കണ്ടെത്തുന്ന കൈവശമുള്ളതും ആരുടെയും പേരിലല്ലാത്തതുമായ ഭൂമിയുടെ ഉടമസ്ഥതയും അര്‍ഹതയും പരിശോധിച്ച് പട്ടയം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും നടത്തുന്നുണ്ട്. ഭൂരഹിതരായ ഒരാളുമില്ലാത്ത കേരളം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എലത്തൂര്‍ മണ്ഡലത്തില്‍ 165, കോഴിക്കോട് നോര്‍ത്ത് 108, കോഴിക്കോട് സൗത്ത് 94, ബേപ്പൂര്‍ 46, കുന്നമംഗലം 270, തിരുവമ്പാടി 261, കൊടുവള്ളി 136 എന്നിങ്ങനെ 1080 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, ലിന്റോ ജോസഫ് എംഎല്‍എ, ഡെപ്യൂട്ടി കലക്ടര്‍ പി എന്‍ പുരുഷോത്തമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഇ എം സോമന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments