Skip to main content
ഇനിയവര്‍ പുറമ്പോക്കിലല്ല, ഭൂമിയുടെ അവകാശികള്‍

ഇനിയവര്‍ പുറമ്പോക്കിലല്ല, ഭൂമിയുടെ അവകാശികള്‍

 

ഭൂമിയും അതിലൊരു വീടുമുണ്ടായിട്ടും രേഖയില്ലാത്തവരെന്ന സങ്കടം ചെറുപുരക്കല്‍ നിവാസികളായ ആറ് കുടുംബങ്ങള്‍ക്ക് ഇനിയുണ്ടാവില്ല. ബേപ്പൂര്‍ പുലിമുട്ട് റോഡ് പുറമ്പോക്കിലെ താമസക്കാരായ കുടുംബങ്ങള്‍ ഇനി മുതല്‍ ഭൂമിയുടെ അവകാശികളാണ്. ഇവരുടെ കൈവശമുള്ള ഭൂമിക്ക് പട്ടയം കൈമാറിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 40 വര്‍ഷമായി രേഖയില്ലാത്ത ഭൂമിക്കാണ് താമരശ്ശേരി, കോഴിക്കോട് താലൂക്ക് പട്ടയമേളയില്‍ രേഖയായത്.

ചെറുപുരക്കലില്‍ താമസിക്കുന്ന സുഹ്റ, നദീറ, ശിഹാബ്, യഹിയ, കുഞ്ഞിക്കോയ, കുന്നത്ത്പറമ്പിലെ നജ്മ എന്നിവര്‍ക്കാണ് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രേഖ ലഭിച്ചത്. പട്ടയം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ധനസഹായങ്ങള്‍ക്കോ വായ്പകള്‍ക്കോ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ഭൂമി ഉപയോഗപ്പെട്ടിരുന്നില്ല. പട്ടയത്തിന് പലതവണ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ലഭ്യമായിരുന്നില്ല. തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ നടന്ന അദാലത്തില്‍ പട്ടയമില്ലാത്തതിന്റെ പ്രയാസം പങ്കുവെക്കുകയായിരുന്നു. പ്രശ്നത്തില്‍ ഇടപെട്ട മന്ത്രി അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് പട്ടയം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായത്.

date