Skip to main content

ജില്ലാ വികസന കോ- ഓഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു

ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ- ഓഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) അവലോകനയോഗം ചേർന്നു. എറണാകുളം ഗസ്റ്റ് ഹൗസിൽ കമ്മിറ്റി ചെയർമാൻ ഹൈബി ഈഡൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എം പി, ഉമാ തോമസ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് എന്നിവർ പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

 

വിവിധ ജില്ലാ തല ഓഫീസർമാർ വകുപ്പിൽ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2025-26 സാമ്പത്തിക വർഷം 58,22,635 ലക്ഷം തൊഴിൽ ദിനങ്ങൾക്കുള്ള ലേബർ ബഡ്ജറ്റ് ആണ് അംഗീകാരം നൽകിയിട്ടുള്ളത്. ജൂൺ 30 വരെ 48,650 കുടുംബങ്ങൾക്ക് 13,60,079 തൊഴിൽ ദിനങ്ങൾ നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ ഹാജർ ഓൺലൈനായി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ യോഗത്തിൽ നിർദേശം ഉയർന്നു. 

 

ദേശീയ ഗ്രാമീണ ഉപജീവന മിഷൻ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതി വഴി ഏപ്രിൽ മുതൽ 20 പേർ നൈപുണ്യ പരിശീലനം പൂർത്തിയാക്കുകയും ഏഴുപേർക്ക് ജോലി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ഗ്രാമീണ വികസന വകുപ്പും മിനിസ്ട്രി ഓഫ് ഷിപ്പിംഗും കുടുംബശ്രീ വഴി സംയുക്തമായി നടപ്പിലാക്കുന്ന സ്വർഗ്ഗമാല പദ്ധതിയിലൂടെ ഏപ്രിൽ മുതൽ ആറു പേർ പരിശീലനം പൂർത്തിയാക്കുകയും അഞ്ചുപേർക്ക് ജോലി ലഭിക്കുകയും ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ പലരും അറിയാതെ പോകുന്നു. ഇത് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി. 

 

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ജില്ലയിൽ നിരവധി റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഈ റിപ്പോർട്ട് പ്രകാരം പൂർത്തീകരിച്ചു എന്ന് പറയുന്ന പല റോഡുകളുടെയും നിർമ്മാണം പൂർണ്ണമല്ല.പലതും പകുതിക്ക് വെച്ച് കോൺട്രാക്ടർമാർ നിർത്തുന്നു. ഇതിനായി പ്രാദേശിക തലത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കോൺട്രാക്ടർമാർ യോഗം വിളിച്ചുചേർത്ത് പുരോഗതി വിലയിരുത്തണമെന്ന് യോഗത്തിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ എന്നിവർ നിർദ്ദേശം നൽകി. 

 

കൊച്ചി കോർപ്പറേഷനിൽ പി.എം.എ.വൈ (യു) ലൈഫ് മിഷൻ പദ്ധതി പ്രകാരം 5930 വീടുകൾ പൂർത്തീകരിച്ചിട്ടുണ്ട്.1085 വീടുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു.

 

കോർപ്പറേഷനിൽ അമൃത് 2.0 പദ്ധതിയിൽ 15 പദ്ധതികൾക്കായി വാട്ടർ സപ്ലൈക്കായി 119.36 കോടിയുടെ പ്ലാനാണ് സമർപ്പിച്ചത്. ഇതിൽ ഏഴ് പദ്ധതികൾ പ്രവർത്തനമാരംഭിക്കുകയും രണ്ടെണ്ണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. മലിന ജലനിർമാർജനത്തിനായി 216.51 കോടിയും ജലാശയ പുനരുജീവനം പാർക്ക് എന്നിവയ്ക്കായി 5.9 കോടിയുടെ പദ്ധതിയുമാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ പാർക്കുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുൻസിപ്പാലിറ്റികളിൽ ഒന്നും യാതൊരുവിധ പ്രവർത്തനങ്ങളും നടന്നിട്ടില്ല എന്ന് യോഗം വിലയിരുത്തി. ഇത് എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. 

 

കാർഷിക മേഖലയിൽ ഏറ്റെടുത്തിട്ടുള്ള സംയോജിത കേന്ദ്ര ആവിഷ്കൃത പദ്ധതിയായ കൃഷി ഉന്നതി യോജനയിൽ 60% കേന്ദ്ര വിഹിതവും നാല്പത് ശതമാനം സംസ്ഥാന വിഹിതവും ആണ്. പി എം കിസാൻ സമ്മാൻ പദ്ധതി പ്രകാരം ജില്ലയിൽ 26,15,053 ഗുണഭോക്താക്കൾ നിലവിലുണ്ട്. കൂടാതെ ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ ഉദ്യോഗസ്ഥരുടെ കുറവ് മൂലം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് അപേക്ഷകൾ അധികമുള്ള സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ കുറവ് അനുഭവപ്പെടുകയാണെങ്കിൽ അപേക്ഷകൾ കുറവുള്ള കൃഷിവകുപ്പ് ഓഫീസുകളിൽ നിന്ന് ഉദ്യോഗസ്ഥരെ കൂടുതലുള്ള സ്ഥലങ്ങളിലേക്ക് ചുമതലപ്പെടുത്തുന്നതിന് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി. 

 

അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങൾക്ക് ഏകീകൃതമായ സർവീസ് ചാർജ് ഈടാക്കുന്നതിനുള്ള നടപടി ഉണ്ടാകുന്നത് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഇത് പലപ്പോഴും പരാതി ഉണ്ടാക്കുന്ന കാര്യമാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി ജില്ലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടന്റെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർക്കാൻ തീരുമാനമായി. 

 

സ്മാർട്ട് സിറ്റി മിഷൻ, സ്വച്ച് ഭാരത് മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, സർവ്വശിക്ഷാ കേരളം, മിഡ് ഡേ മീൽ സ്കീം, പ്രധാനമന്ത്രി ഉജ്വൽ യോജന, ഐസിഡിഎസ്, ആർ ഡി എസ് എസ്, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം, പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളുടെ പ്രവർത്തന പുരോഗതി യോഗം ചർച്ച ചെയ്തു.

 

സംസ്ഥാന ആയുഷ് കായകൽപ്പ് അവാർഡിൽ ആയുർവേദ വിഭാഗത്തിൽ ജില്ലാ ആയുർവേദ ആശുപത്രി ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിലും 

ഹോമിയോപ്പതി വിഭാഗത്തിൽ ജില്ലാ ഹോമിയോപ്പതി ആശുപത്രി രണ്ടാം സ്ഥാനം കരസ്ഥമാക്കിയതിലും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തോടനെ ദിശ അവലോകന യോഗത്തിൽ എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ എന്നിവർ ചേർന്ന് ആദരിച്ചു. 

 

ദാരിദ്ര ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടർ പി എച്ച് ഷൈൻ, വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ പഞ്ചായത്ത് മുൻസിപ്പാലിറ്റി സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

 

date