Skip to main content

അറുന്നൂറ്റി മംഗലം വിത്തുൽപ്പാദന കേന്ദ്രത്തിൽ പായ ഞാറ്റടിക്ക് തുടക്കമായി

അറുന്നൂറ്റി മംഗലം വിത്തുൽപ്പാദന കേന്ദ്രത്തിൽ യന്ത്രവൽക്കരണത്തിൻ്റെ ഭാഗമായി നെല്ലിന്റെ യന്ത്രനടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി നിർവഹിച്ചു. 12 ഏക്കറിൽ യന്ത്രസഹായത്താൽ വിത്ത് നടുന്ന പായ ഞാറ്റടി (മാറ്റ് നഴ്‌സറി) കൃഷിരീതിക്കാണ് തുടക്കമായത്. 

ഏറ്റവും ചിലവ് കുറഞ്ഞ മാർഗങ്ങളിലൊന്നാണ് യന്ത്രവൽകൃത നടീൽ. മുന്നോട്ട് പോകുന്ന യന്ത്രത്തിൻ്റെ പുറകിലായി നടീലിന് സാധ്യമായ മൈക്രോ വീലുകൾ ഘടിപ്പിക്കുന്ന യന്ത്ര സംവിധാനമാണിത്. ഞാറ് നടുന്നതിന് 8500 രൂപ മുതൽ 12000 രൂപ വരെയാണ് ജില്ലയിൽ കൂലിച്ചെലവ്. യന്ത്രം ഉപയോഗിച്ചാണെങ്കില്‍ ഇത് 6000 രൂപയായി കുറയ്ക്കാനാവും. 

തൊഴിലാളികൾക്ക് പരമാവധി 1.5 ഏക്കർ മാത്രമേ വിത്ത് നടാൻ സാധിക്കൂവെങ്കിൽ ഒരു മെഷീനിൽ മൂന്ന് ഏക്കറിൽ വരെ വിത്ത് നടാൻ സാധിക്കും. മെഷീൻ നിയന്ത്രിക്കാൻ കൂടുതൽ പേരുടെ സഹായവും ആവശ്യമില്ല. ഒരേ വരിയിൽ ആയതിനാൽ കള പറിക്കലും എളുപ്പമാണ്. കൊയ് ത്തും വേഗത്തിൽ ചെയ്യാനാകും. കരയിൽ ഞാറ്റടി ട്രേയിൽ തയ്യാറാക്കിയാൽ വെള്ളം പറ്റിച്ച ഉടനെ നടീൽ നടത്താം. ഇത് കാലാവസ്ഥാ വ്യതിയാനം മുലമുള്ള നഷ്ടവും കുറയ്ക്കും.

ചടങ്ങിൽ ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷയായി. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബാ സതീഷ്, ജില്ലാ പഞ്ചായത്തംഗം മഞ്ചുള, ഫാം സൂപ്രണ്ട് ടി ടി അരുൺ, അഗ്രികൾച്ചർ അസിസ്റ്റൻ്റ് വി വിഷ്ണു, കർഷകർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

(പിആര്‍/എഎല്‍പി/2061)

date