മികച്ച എൻ.എസ്.എസ് യൂണിറ്റുകൾക്കുള്ള പീപ്പിൾസ് അവാർഡ് വിതരണം ചെയ്തു യുവതയെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിൽ വായനയുടെ പങ്ക് വലുത്: അശോകൻ ചരുവിൽ
ലോകത്തെക്കുറിച്ച് ഒരു വിദ്യാർഥി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പാഠപുസ്തകത്തിൽ നിന്ന് മാത്രം ലഭിക്കില്ലെന്നും യുവതയെ സമൂഹവുമായി ബന്ധിപ്പിക്കുന്നതിൽ വായനയുടെയും ഗ്രന്ഥാലയങ്ങളുടെയും പങ്ക് വളരെ വലുതാണെന്നും സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു. പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റിന്റെ മികച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള പീപ്പിൾസ് അവാർഡ് ദാന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികൾക്കുള്ള ഫലകവും ക്യാഷ് അവാർഡും അദ്ദേഹം വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അശോകൻ ചരുവിലിനെ ആദരിച്ചു. പീപ്പിൾസ് മിഷൻ ചെയർമാൻ കൂടിയായ ഡോ. വി ശിവദാസൻ എം പി അധ്യക്ഷനായി.
കണ്ണൂർ ജില്ലയിലെ പാലാ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, കാസർകോട് ജില്ലയിലെ വരക്കാട് വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സ്‌കൂൾ എന്നിവർ മികച്ച എൻ എസ് എസ് യൂണിറ്റുകൾക്കുള്ള അവാർഡ് ഏറ്റുവാങ്ങി. വയനാട് വടുവൻചാൽ ഗവ. ഹയർ സെക്കന്ററി സ്‌കൂളും കണ്ണൂർ ടാഗോർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളും പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പൊതുജന വായനശാല സ്ഥാപിച്ച് ആയിരത്തിലധികം പുസ്തകങ്ങൾ ശേഖരിച്ചതാണ് പാലാ ഗവ. ഹയർ സെക്കന്ററി സ്‌കൂളിന്റെ മികച്ച പ്രവർത്തനം.
വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സ്‌കൂളിലെ എൻ എസ് എസ് വിദ്യാർഥികൾ രണ്ട് ട്രൈബൽ വായനശാലകൾ സ്ഥാപിച്ച് ആയിരത്തോളം പുസ്തകങ്ങൾ ശേഖരിച്ച് നൽകിയിട്ടുണ്ട്. വടുവഞ്ചൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ എൻ എസ് എസ് പ്രവർത്തകർ വയനാട് ജില്ലയിലെ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ കടച്ചികുന്നിൽ ഗോത്ര വായനശാല സ്ഥാപിക്കുകയും പഞ്ചായത്തിലെ പ്രൈമറി ഹെൽത്ത് സെന്ററിൽ രോഗികൾക്കും സന്ദർശകർക്കുമായി ഓപ്പൺ ലൈബ്രറി സ്ഥാപിക്കുകയും ചെയ്തു. ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വടുവനാടിൽ പൊതുജന വായനശാല പുനർ നിർമ്മിച്ചു നൽകാൻ സഹായിച്ചിട്ടുണ്ട്.
25000 രൂപയും ഫലകവുമാണ് പുരസ്‌കാരം. 10000 രൂപയും ഫലകവുമാണ് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം. എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ.സി വിനോദ് എൻഎസ്എസ് ക്യാമ്പുകളിൽ നിന്ന് ലഭിച്ച പുസ്തകങ്ങൾ പീപ്പിൾസ് മിഷന് കൈമാറി. തുടർന്ന് 'വിദ്യാർഥികളും വായനശാലകളും എൻഎസ്എസ് ഇടപെടലുകളും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. പരിപാടിയുടെ ഭാഗമായി എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള ഏകദിന ശിൽപശാല 'ഒരുക്കം' സംഘടിപ്പിച്ചു. ശിൽപശാലയിൽ എൻഎസ്എസ് ആക്ഷൻ പ്ലാൻ അവതരണവും നടത്തി.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ വി.കെ സുരേഷ് ബാബു, കണ്ണൂർ ആർ ആർ ഡി ബിയാട്രീസ് മരിയ, കണ്ണൂർ നോർത്ത് എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ശ്രീധരൻ കൈതപ്രം, ഹയർസെക്കൻഡറി അസി. കോ ഓർഡിനേറ്റർ വി സ്വാതി, എൻഎസ്എസ് നോർത്ത് റീജിയൺ ആർപിസി വി ഹരിദാസ്, കണ്ണൂർ കാനറാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അനുഷ്മാൻ ഡെ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി സി അനിൽകുമാർ, കണ്ണൂർ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സി സുനിൽകുമാർ, എൻഎസ്എസ് കാസർകോട് ജില്ലാ കൺവീനർ കെ എൻ മനോജ് കുമാർ, കണ്ണൂർ സർവകലാശാല ഡിഎസ്എസ് കെ.വി സുജിത,് എൻഎസ്എസ് ജില്ലാ കണ്ണൂർ സൗത്ത് കോ ഓർഡിനേറ്റർ കെ.എം പ്രേംജിത്ത് എന്നിവർ സംസാരിച്ചു.
- Log in to post comments