മത്സ്യവിപണനത്തിന് ഇനി ഇ-ഓട്ടോകൾ ഓടി തുടങ്ങും മാതൃകാ മത്സ്യഗ്രാമത്തിന്റെ ഘടക പദ്ധതികൾ ഈ വർഷം പൂർത്തിയാകും
ജില്ലയിലെ സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമമായ ചാലിൽ ഗോപാലപേട്ടയിൽ നിന്ന് മത്സ്യവിപണനത്തിനായി ഇനിമുതൽ ഇലക്ട്രിക് ഓട്ടോകൾ ഓടിത്തുടങ്ങും. ചെറുകിട മത്സ്യ കച്ചവടക്കാർക്കായി അഞ്ച് മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്ക്കുകൾ അഥവാ മത്സ്യവിപണന ഇലക്ട്രോണിക് ഓട്ടോകൾ സജ്ജമായി. 25 കിലോയുടെ അഞ്ച് ക്രേയ്റ്റുകൾ ഇതിൽ കൊണ്ടുപോകാനാകും. മത്സ്യം പ്രദർശിപ്പിക്കാനുള്ള സുതാര്യമായ ചില്ലുകൂടാണ് ഇതിന്റെ പ്രധാന ആകർഷണം. മീൻ മുറിക്കാനും വൃത്തിയാക്കാനും പാക്കിങ്ങിനും മാലിന്യ ശേഖരണത്തിനും ഇതിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെതുമ്പൽ പോക്കാൻ കൈകൊണ്ട് പ്രവർത്തിക്കാവുന്ന യന്ത്രവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന് മീൻ നേരിട്ട് കണ്ട് തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് രൂപകൽപന.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് പൂർണമായും സൗജന്യമായാണ് ഇലക്ട്രിക് ഫിഷ് വെൻഡിങ് കിയോസ്ക് നൽകുന്നത്. ജില്ലയിൽ എല്ലായിടത്തും മത്സ്യ വിൽപന നടത്താം. തീരദേശ മത്സ്യ ഗ്രാമങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ സമഗ്ര പുരോഗതി കൈവരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 7.8 ലക്ഷം രൂപയാണ് ഒരു ഇലക്ട്രിക് മത്സ്യവിപണന ഓട്ടോയുടെ വില. ഫിഷറീസ് വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണം നടത്തുന്നത്. സംയോജിത ആധുനിക തീരദേശ മത്സ്യ ഗ്രാമം പദ്ധതിയുടെ ഘടക പദ്ധതികളിൽ ഒന്നാണിത്.
മാതൃകാ മത്സ്യഗ്രാമത്തിന് 10 ഘടക പദ്ധതികൾ
ചാലിൽ ഗോപാൽപേട്ട മാതൃകാ മത്സ്യബന്ധന ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി ഇലക്ട്രിക് ഫിഷ് വെൻഡിങ് ഓട്ടോ കിയോസ്ക് ഉൾപ്പെടെ 10 ഘടക പദ്ധതികളാണ് ഈ വർഷം പൂർത്തിയാകുന്നത്. പദ്ധതി പ്രകാരം പൂർണമായും പ്രവർത്തന സജ്ജമായ മറ്റൊരു സംവിധാനമാണ് നായനാർ കോളനിയിൽ നിർമ്മിച്ച സെപ്റ്റേജ് യൂണിറ്റ്. തലശ്ശേരി മുൻസിപ്പാലിറ്റിയിലെ 42ാം വാർഡിൽപ്പെട്ട നായനാർ കോളനിയിലെ അമ്പതോളം കുടുംബങ്ങൾക്ക് സൗജന്യമായി ഈ സെപ്റ്റിക് ടാങ്ക് ഉപയോഗിക്കാം. 28 ലക്ഷം രൂപ ചെലവിലാണ് സെപ്റ്റിക് ടാങ്ക് നിർമ്മിച്ചിരിക്കുന്നത്.
ഘടകപദ്ധതിയുടെ ഭാഗമായി 150 ഓളം ഇൻസുലേറ്റഡ് ഐസ് ബോക്സുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. മത്സ്യ മാർക്കറ്റ്, ഒ ബി എം റിപ്പെയർ യൂണിറ്റ്, കമ്മ്യൂണിറ്റി ടോയ്ലറ്റ് ബ്ലോക്ക്, കോസ്റ്റൽ ബയോ ഷീൽഡിങ്, കൃത്രിമ പാര്, എക്സ്റ്റൻഷൻ സെന്റർ തുടങ്ങിയ ഘടക പദ്ധതികളും ഈ വർഷം തന്നെ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്. മത്സ്യ സമ്പത്ത് വർധിപ്പിച്ച് സമുദ്ര വിഭവങ്ങളെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാണ് കൃത്രിമ പാരിലൂടെ നടപ്പാക്കുന്നത്. കടലാക്രമണത്തെ പ്രതിരോധിക്കുന്നതിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിയാണ് കോസ്റ്റൽ ബയോ ഷീൽഡിങ്. ഏഴു കോടി 19 ലക്ഷം രൂപയാണ് ഈ ഘടക പദ്ധതികൾക്കായി അനുവദിച്ചിട്ടുള്ളത്.
മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി മത്സ്യവകുപ്പ് മുഖേന 'മത്സ്യ ഗ്രാമം പദ്ധതി' ജില്ലയിൽ വിജയകരമായി മുന്നേറുകയാണ്. ജില്ലയുടെ തീരദേശ വികസനരംഗത്തെ ഒരു മാതൃകാപരമായ ഇടപെടലായി മാറിയിരിക്കുകയാണ് ജില്ലയിലെ മാതൃകാ മത്സ്യ ഗ്രാമം പദ്ധതി.
- Log in to post comments