Skip to main content

ചിമ്മിനി ഇക്കോ ടൂറിസം വികസനം; 50 ലക്ഷം രൂപ അനുവദിച്ചു

വിനോദ സഞ്ചാര വകുപ്പിന്റെ ചിമ്മിനി ഡാം ഇക്കോ ടൂറിസം പദ്ധതിയെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു. വനം വകുപ്പ് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മുഖേന തയ്യാറാക്കി സമര്‍പ്പിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള പ്രവൃത്തികളും സൗകര്യങ്ങള്‍ക്കുമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം വഴി ടൂറിസം കേന്ദ്രം വികസിപ്പിക്കുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷന്‍ ചലഞ്ച്.

നേരത്തെ എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ പദ്ധതിക്കായി അനുവദിച്ചിരുന്നു. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് പ്രവൃത്തിയുടെ നിര്‍വ്വഹണ ഏജന്‍സി. ഇതു കൂടാതെ 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റിലും പദ്ധതിക്കായി ഒരു കോടി രൂപ അനുവദിക്കുകയും 20 ശതമാനം തുകയായ 20 ലക്ഷം രൂപ നീക്കിവയ്ക്കുകയും ചെയ്തിട്ടുണ്ട്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ടോയ്‌ലറ്റ് കെട്ടിടത്തിന്റെ നിര്‍മ്മാണവും അവസാന ഘട്ടത്തിലാണ്.

നവകേരള നിര്‍മ്മിതിയുടെ ഭാഗമായി പുതുക്കാട് മണ്ഡലത്തില്‍ നിന്നും സമര്‍പ്പിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിമ്മിനി ഇക്കോ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിച്ചു വരുന്നതായും പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിമ്മിനി വനമേഖലയില്‍ വനം, ടൂറിസം, തദ്ദേശം, ജലവിഭവ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ മികച്ച ടൂറിസം സൗകര്യം ഏര്‍പ്പെടുത്തുന്നതിനാണ് പരിശ്രമിക്കുന്നതെന്നും എം.എല്‍.എ അറിയിച്ചു.

date