മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍’ ക്യാംപെയ്‌നിന് തുടക്കമായി
കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ മധ്യസ്ഥത വഴി തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നടപ്പാക്കുന്ന 90 ദിവസത്തെ ‘മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍’ ക്യാംപെയ്‌നിന് ജില്ലയില്‍ തുടക്കമായി. ദേശീയ നിയമ സേവന അതോറിറ്റിയും മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രൊജക്റ്റ് കമ്മിറ്റിയും ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്.
വൈവാഹിക തര്‍ക്കം, അപകട ക്ലെയിമുകള്‍, ഗാര്‍ഹിക അതിക്രമങ്ങള്‍, ചെക്ക് ബൗണ്‍സ്, വാണിജ്യ തര്‍ക്കങ്ങള്‍, സര്‍വീസ് വിഷയങ്ങള്‍, ഉപഭോക്ത്യ തര്‍ക്കങ്ങള്‍, കടം വീണ്ടെടുക്കല്‍, പാര്‍ട്ടീഷന്‍, ഒഴിപ്പിക്കല്‍, ഭൂമി ഏറ്റെടുക്കല്‍, മറ്റ് അനുയോജ്യ സിവില്‍ കേസുകള്‍ കൂടാതെ ക്രിമിനല്‍ കോമ്പൗണ്ടബിള്‍ കേസുകള്‍ മധ്യസ്ഥ ശ്രമത്തിലൂടെ തീര്‍ക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശ്യം.
ഇതില്‍ കോടതി തിരഞ്ഞെടുക്കുന്ന കേസുകള്‍ കക്ഷികളെ അറിയിച്ചതിനു ശേഷം മധ്യസ്ഥ കേന്ദ്രങ്ങളിലേക്ക് കൈമാറും. ദിവസവും അഭിഭാഷകര്‍ വഴി തീര്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തും. ഓണ്‍ലൈന്‍ സംവിധാനവും ലഭ്യമാക്കും. മധ്യസ്ഥത വഴി തീരുന്ന കേസുകള്‍ക്ക് അടച്ചിരുന്ന കോടതി ഫീസ് മുഴുവനായും തിരികെ നല്‍കും. ക്യാംപെയ്ന്‍ സെപ്റ്റംബര്‍ 30നു അവസാനിക്കും. സേവനം സൗജന്യമാണ്. ജൂലൈ 31 വരെ കേസുകള്‍ മധ്യസ്ഥ കേന്ദ്രങ്ങളിലേക്ക് അയക്കാമെന്ന് ജില്ലാ മീഡിയേഷന്‍ സെന്റര്‍ കോ-ഓഡിനേറ്റര്‍/ സിവില്‍ ജഡ്ജ് അറിയിച്ചു.
- Log in to post comments