12 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി ലാന്‍ഡ് ബാങ്ക് പദ്ധതിയിലൂടെ ഭവനനിര്‍മാണത്തിനും തുക
സംസ്ഥാനത്തെ ഭൂ-ഭവനരഹിതരായ കൂടുതല്‍ പട്ടികവര്‍ഗവിഭാഗക്കാര്‍ ഭൂമിയുടെ അവകാശികളായി. ജില്ലയില്‍ 12 കുടുംബങ്ങളാണ് ഗുണഭോക്താക്കള്‍. ഭൂരഹിത പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി വിലയ്ക്കുവാങ്ങി വിതരണംചെയ്യുന്നതിനായി ആവിഷ്‌ക്കരിച്ച ‘ലാന്‍ഡ് ബാങ്ക്' പദ്ധതിയിലൂടെ ജില്ലയില്‍ 12 കുടുംബങ്ങള്‍ ഭൂമിയുടെ അവകാശികളായി. ആര്യങ്കാവ് വില്ലേജിലെ മൂന്ന് ഭൂവുടമകളില്‍ നിന്ന് 2.68 ഏക്കര്‍ ഭൂമിയാണ് ജില്ലാ ട്രൈബല്‍ മിഷന്‍ മുഖേന വിലയ്ക്ക് വാങ്ങിയത്. അച്ചന്‍കോവില്‍ മുതലത്തോട് കുടില്‍കെട്ടി താമസിച്ചുവരുന്ന 18 പട്ടികവര്‍ഗ മലപണ്ടാര വിഭാഗത്തില്‍പ്പെടുന്ന ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി 12.5 സെന്റ് വീതമുള്ള 18 പ്ലോട്ടുകളായും ബാക്കി ഒരു പൊതുസ്ഥലവുമായും തിരിച്ചിട്ടുണ്ട്.
ഭൂമി കൈപ്പറ്റാന്‍ തയ്യാറായ 12 ഗുണഭോക്താക്കള്‍ക്ക് 12.5 സെന്റ് പ്ലോട്ടിന്റെ പട്ടയം വിതരണംചെയ്തു. ഭവനനിര്‍മാണം നടത്തുന്നതിന് ഓരോ ഗുണഭോക്താവിനും ആറു ലക്ഷം രൂപ വീതം നാലു ഗഡുക്കളായി നല്‍കും. ലൈഫ് മിഷന്‍ പ്രകാരമുള്ള മാനദണ്ഡങ്ങളാണ് സ്വീകരിക്കുക. ഹാള്‍, കിടപ്പ് മുറി, അടുക്കള, ശുചിമുറി എന്നിവ ഉള്‍പ്പെടും. നിലവില്‍ ആദ്യ ഗഡുവായി 90,000 രൂപ നിരക്കില്‍ 10,80,000 രൂപയും, രണ്ടാം ഗഡുവായി 1,20,000 രൂപ നിരക്കില്‍ 14,40,000 രൂപയും പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറുടെ ഉത്തരവ് പ്രകാരം അനുവദിച്ച് നല്‍കി.
ഇടനിലക്കാരുടെ ഇടപെടലും ചൂഷണവും ഒഴിവാക്കുക, സുതാര്യത ഉറപ്പാക്കുക, ഗുണനിലവാരമുള്ളതും അധിവാസ-കൃഷിയോഗ്യവുമായ സ്ഥലം ലഭ്യമാക്കുക, വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സൗകര്യമൊരുക്കുക, വിദ്യാഭ്യാസ-ആരോഗ്യസംരക്ഷണത്തിന് ഊന്നല്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
കുറഞ്ഞത് ഒരേക്കര്‍വരെ ഭൂമിയുള്ളവരില്‍നിന്നാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, റേഞ്ച് ഓഫീസര്‍ (വനവുമായി അതിര്‍ത്തിപങ്കിടുന്ന ഭൂമിയില്‍), പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങിയ പഞ്ചായത്ത്തലസമിതി സംയുക്തപരിശോധന നടത്തി ഭൂമി പുനരധിവാസത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. ജില്ലാ കലക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ജില്ലാ സര്‍വേ സൂപ്രണ്ട്, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, വസ്തു ഉള്‍പ്പെട്ട പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്രൂട്ടിണി സമിതി അപേക്ഷകള്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി. വാഹനസൗകര്യമുള്ള വഴി, വൈദ്യുതിലഭ്യത, ആദായമുള്ളഭൂമി, നിരപ്പായഭൂമി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു. വാങ്ങല്‍സമിതി രൂപീകരിച്ച് വിലനിശ്ചയിച്ചാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
പട്ടികവര്‍ഗമേഖലയോട് ചേര്‍ന്ന്‌നില്‍ക്കുന്ന സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന. ഭൂമി ജില്ലാ ട്രൈബല്‍ മിഷന്‍ വാങ്ങി ലാന്‍ഡ് ബാങ്കായി നിലനിര്‍ത്തും. സര്‍ക്കാര്‍ ആവശ്യത്തിനായി ഭൂമിവാങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ പദ്ധതിക്കും ബാധകമാണ്.
അച്ചന്‍കോവില്‍ മേഖലയില്‍ രണ്ട് കുടുംബങ്ങള്‍ക്ക് പൈതൃകസ്വത്ത് ലഭിക്കാനുള്ള സാഹചര്യം പരിഗണിച്ചും മറ്റൊരു ഗുണഭോക്താവിന് കുരിയോട്ടുമല പുനരധിവാസമേഖലയില്‍ ഭൂമി ലഭ്യമായതിനാലും മൂന്ന് കുടുംബങ്ങളെ ഗുണഭോക്തൃപട്ടികയില്‍ നിന്നും ഒഴിവാക്കി. ബാക്കിയുള്ള മൂന്ന് പേര്‍ സ്ഥലവിസ്തൃതി കുറഞ്ഞതിനാല്‍ ഭൂമി സ്വീകരിക്കാന്‍ വിസമ്മതിച്ചു.
18 പ്ലോട്ടുകളില്‍ അവശേഷിക്കുന്ന ആറെണ്ണം സ്വീകരിക്കാന്‍ വിസമ്മതം അറിയിച്ചവരെകൂടിപരിഗണിച്ച് അര്‍ഹരായ ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വിതരണംചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്. വിധുമോള്‍ അറിയിച്ചു.
- Log in to post comments