Skip to main content

ശുചിത്വപൂര്‍ണം ജില്ലയിലെ നഗരസഭകള്‍ ദേശീയ ശുചിത്വ സര്‍വേയില്‍ ഫുള്‍മാര്‍ക്ക്

 രാജ്യത്തെ ഏറ്റവുംവലിയ ശുചിത്വസര്‍വേയില്‍ മികച്ചമുന്നേറ്റം നടത്തി ജില്ലയിലെ നഗരസഭകള്‍. സ്വച്ഛ് സര്‍വേക്ഷന്‍ 2024 ന്റെ ഫലപ്രഖ്യാപനത്തില്‍ മികച്ച മാര്‍ക്ക് ലഭിച്ചു. ശുചിത്വ-മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തി റാങ്കിങ് നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സര്‍വേയാണ് സ്വച്ഛ് സര്‍വേക്ഷന്‍.
ദേശീയ തലത്തിലെ ആദ്യ 100 റാങ്കില്‍ കൊല്ലം കോര്‍പറേഷനും (93) ആദ്യ 1000 റാങ്കുകളില്‍ പരവൂര്‍ മുന്‍സിപ്പാലിറ്റി (474), പുനലൂര്‍ മുന്‍സിപ്പാലിറ്റി (972) ഇടം നേടി. 1000 നും 1100 നും ഇടയില്‍ കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി (1002), കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (1048) ഉള്‍പ്പെട്ടു. പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റികള്‍ സമ്പൂര്‍ണശുചിത്വ പദവി ആയ ഓ.ഡി.എഫ് പ്ലസ് നിലനിര്‍ത്തി.
കേന്ദ്ര പാര്‍പ്പിടവും നഗരകാര്യമന്ത്രാലയമാണ് സര്‍വേനടത്തുന്നത്. കൃത്യമായ മാനദണ്ഡങ്ങളോടെ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട വിവിധഘടകങ്ങളിലെ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തിയാണ് മാര്‍ക്ക് നല്‍കിയത് .
നഗരസഭകള്‍ ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് ജില്ലയുടെ മുന്നേറ്റത്തിന് സഹായിച്ചത്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നഗരസഭകളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, ആരോഗ്യം, എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥര്‍, യങ് പ്രൊഫഷണല്‍സ്, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍ സംഘടിതമായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തി.
അജൈവ മാലിന്യശേഖരണത്തിനായുള്ള മിനി എം.സി.എഫുകള്‍, എം.സി.എഫുകള്‍ ആര്‍.ആര്‍.എഫുകള്‍, ബോട്ടില്‍ ബൂത്തുകള്‍, ജൈവ മാലിന്യ സംവിധാനത്തിനുള്ള കമ്മ്യൂണിറ്റിതല സംവിധാനങ്ങള്‍ എന്നിവയുടെ പരിപാലനവും ഉറപ്പുവരുത്തി.
നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചുമര്‍ചിത്രങ്ങള്‍, സെല്‍ഫി പോയിന്റുകള്‍, ജലാശയങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, റോഡുകളുടെ ശുചീകരണം, വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.  
ജില്ലയിലെ അഞ്ച് നഗരസഭകളിലും ശുചീകരണ ഡ്രൈവുകള്‍, വിവിധ കായികമത്സരങ്ങള്‍, ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, നഗരസഭകളുടെ ശുചിത്വഅംബാസഡര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തി ജനകീയ പ്രോഗ്രാമുകള്‍, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ സെമിനാറുകള്‍, പാഴ് വസ്തുക്കളില്‍ നിന്നുള്ള കലാസൃഷ്ടികള്‍, ആര്‍.ആര്‍.ആര്‍ സെന്ററുകള്‍ എന്നിവ യാഥാര്‍ഥ്യമാക്കി.
നഗരസഭകളിലുള്ള പൊതുശൗചാലയങ്ങള്‍ ഉന്നത ശുചിത്വ നിലവാരത്തില്‍ നിലനിര്‍ത്തുന്നതിനുള്ള ക്ലീന്‍ ടോയ്‌ലറ്റ് ക്യാമ്പയിന്‍, പബ്ലിക് ടോയിലറ്റ് റേറ്റിംഗ്, മണ്‍സൂണ്‍ സുരക്ഷിതത്വം, വിവിധ ക്യാമ്പയിനുകള്‍ നടത്തി.  കുടുംബശ്രീ, നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റസ് പോലീസ് കേഡറ്റ്, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ്, ജില്ലാ യുവജനക്ഷേമ ബോര്‍ഡ്, നെഹ്റു യുവകേന്ദ്ര, ട്രാക്ക്, റോട്ടറി ക്ലബ്, ലയണ്‍സ് ക്ലബ്, പത്മശ്രീ അലി മണിക്ഫാന്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓഷ്യാനോഗ്രാഫി തുടങ്ങിയ സംഘടനകള്‍, യൂത്ത് ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് വിവിധ പ്രോഗ്രാമുകള്‍.
12500 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍നടത്തിയ സര്‍വേയിലൂടെയാണ് നഗരസഭകളുടെ റാങ്കിങ് നിര്‍ണയിച്ചത്. 2025 ലെ സ്വച്ഛ് സര്‍വേക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ നൂതനമായരീതിയില്‍ നടത്തുമെന്നും സഹകരിക്കാന്‍ താല്പര്യമുള്ള ജനകീയകൂട്ടായ്മകള്‍ക്കും സംഘടനകള്‍ക്കും ജില്ലാ ശുചിത്വ മിഷനുമായി ബന്ധപ്പെടാമെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ കെ അനില്‍ കുമാര്‍ അറിയിച്ചു.
 

 

 

date