'മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍' ക്യാമ്പയിന്‍
കോടതികളുടെ പരിഗണനയിലുള്ള കേസുകള്‍ മധ്യസ്ഥത വഴി തീര്‍പ്പാക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നിയമ സേവന അതോറിറ്റിയും സുപ്രീം കോടതിയുടെ മീഡിയേഷന്‍ ആന്‍ഡ് കണ്‍സിലിയേഷന്‍ പ്രോജക്റ്റ് കമ്മിറ്റിയും ചേര്‍ന്ന് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന 90 ദിവസത്തെ 'മീഡിയേഷന്‍ ഫോര്‍ ദി നേഷന്‍' ക്യാമ്പയിന് ജില്ലയില്‍ തുടക്കം.
വിവാഹസംബന്ധമായ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാരങ്ങള്‍, ഗാര്‍ഹിക പീഡനക്കേസുകള്‍, ചെക്ക്, കൊമേഴ്സ്യല്‍, സ്വത്ത്, ഉപഭോക്ത്യ സേവന കേസുകള്‍, സിവില്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ എന്നിവയാണ് മധ്യസ്ഥതയിലൂടെ പരിഹരിക്കുക.
ജൂലൈ 31 വരെ മീഡിയേഷന് അനുയോജ്യമായ കേസുകള്‍ തെരഞ്ഞെടുക്കുകയും കക്ഷികളെ അറിയിച്ച ശേഷം മധ്യസ്ഥ കേന്ദ്രങ്ങള്‍ക്ക് കൈമാറുകയും പരിചയസമ്പന്നരായ മുതിര്‍ന്ന അഭിഭാഷകര്‍, റിട്ട. ജഡ്ജിമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള മീഡിയേറ്റര്‍മാരുടെ മധ്യസ്ഥതയില്‍ തീര്‍പ്പാക്കല്‍ ശ്രമം നടത്തുകയും ചെയ്യും. നേരിട്ട് ഹാജരാകാന്‍ പ്രയാസമുള്ള കക്ഷികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനവും ഉപയോഗപ്പെടുത്തും.
സേവനങ്ങള്‍ സൗജന്യമായിരിക്കും. മധ്യസ്ഥത വഴി തീരുന്ന കേസുകളില്‍ അടച്ച കോടതിഫീസ് പൂര്‍ണമായും തിരികെ നല്‍കും. ജൂലൈ ഒന്നിന് ആരംഭിച്ച ക്യാമ്പയിന്‍ സെപ്റ്റംബര്‍ 30ന് അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോടതിയിലെ മീഡിയേഷന്‍ സെന്ററുമായി ബന്ധപ്പെടാം.
- Log in to post comments