Skip to main content

ജില്ലയിലെ ആരോഗ്യ മേഖലയിൽ നവോന്മേഷം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന്  ആരോഗ്യമന്ത്രി നിർവഹിക്കും

ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങൾ നവീകരിച്ച് ആരോഗ്യരംഗത്ത് പുത്തനുണർവ് ഒരുക്കുകയാണ് സർക്കാർ. ജില്ലയിലാകെ നടപ്പാക്കുന്ന നിരവധി ആരോഗ്യ പദ്ധതികൾ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓഗസ്റ്റ് ഒന്നിന് ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പത് മണിക്ക് ചേലക്കര മണ്ഡലത്തിലെ പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനവും പുതിയ ലബോറട്ടറി, ഒ.പി കാത്തിരിപ്പ് കേന്ദ്രം, പൊതുജനാരോഗ്യ യൂണിറ്റ്, കോൺഫറൻസ് ഹാൾ എന്നിവയുടെ സമർപ്പണവും നടത്തും.  യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിക്കും.   കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും.

തുടർന്ന് 11 മണിക്ക് തൃശൂർ മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിക്കും.  സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷനാകും.

ഉച്ചയ്ക്ക് 1.30 ന് ചേർപ്പ് ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്‍റെയും  നവീകരിച്ച ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനമാണ് ആരോഗ്യമന്ത്രി നിർവഹിക്കുന്നത്. ആർദ്രം രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി 37.5 ലക്ഷം രൂപ ചെലവഴിച്ചാണ്  സാമൂഹിക ആരോഗ്യ കേന്ദ്രം, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ അധ്യക്ഷത വഹിക്കും. കെ.കെ. രാമചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും.

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ 3.98 കോടി രൂപ ചെലവിൽ പണിയുന്ന ഡയാലിസിസ് കെട്ടിടവും 1.29 കോടി രൂപയുടെ ഡയാലിസിസ് ഉപകരണങ്ങൾ ഒരുക്കിയ ഡയാലിസിസ് സെന്ററും ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കേന്ദ്ര സഹ മന്ത്രി  സുരേഷ് ഗോപി മുഖ്യാതിഥിയാവും.

മാള സി.എച്ച്.സിയെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കുന്ന പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് നടക്കും. വി.ആർ. സുനിൽകുമാർ എം.എൽ.എയും ബെന്നി ബഹനാൻ എം.പിയും മുഖ്യാതിഥികളാകും.

വൈകിട്ട് 4.30 ന് കൊരട്ടി ഗാന്ധിഗ്രാമിലെ ത്വക്ക് രോഗാശുപത്രിയിൽ 17 കോടി രൂപയുടെ ഐ.പി കെട്ടിടവും 2.5 കോടി രൂപയുടെ ട്രെയിനിംഗ് സെന്റർ ഹോസ്റ്റലും മന്ത്രി ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ  അധ്യക്ഷത വഹിക്കും.   ബെന്നി ബഹന്നാൻ എം.പി മുഖ്യാതിഥിയാകും.

 

date