Skip to main content

*ജനറൽ ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രവും ഇരിങ്ങാലക്കുടയിൽ മറ്റ് രണ്ട് ആരോഗ്യപദ്ധതികളും; നാളെ (ആഗസ്ത് ഒന്ന്) നാടിന് സമർപ്പിക്കും: മന്ത്രി ഡോ. ആർ ബിന്ദു* 

 

 

ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിൽ വിപുലമായ സൗകര്യങ്ങളോടെ ഡയാലിസിസ് സെന്റർ സജ്ജമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഡയാലിസിസ് സെൻ്ററടക്കം മണ്ഡലത്തിൽ പൂർത്തിയാക്കിയ മൂന്ന് ആരോഗ്യ സേവനപദ്ധതികൾ ആഗസ്ത് ഒന്നിന് നാടിന് സമർപ്പിക്കും.

 

ജനറൽ ആശുപത്രിയിൽ ഒരുക്കിയിരിക്കുന്ന ചടങ്ങിൽ വച്ച് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ആരോഗ്യ,വനിതാ, ശിശുക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്കും കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്ററുമാണ് ഡയാലിസിസ് സെൻ്ററിനൊപ്പം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്.

 

1897 ൽ പ്രവർത്തനം ആരംഭിച്ച ഇരിങ്ങാലക്കുട ഗവ. ആശുപത്രി പടിപടിയായ വികസനത്തിലെ തിളക്കമാർന്ന നാഴികക്കല്ലാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡയാലിസിസ് സെൻ്ററെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. 2012 മുതൽ ജനറൽ ആശുപത്രിയായി പ്രവർത്തിച്ചുവരുന്ന ആശുപത്രിയിലെ ദീർഘകാല ആവശ്യമായിരുന്നു ഡയാലിസിസ് സെൻ്റർ. ഇരിങ്ങാലക്കുട നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലേയും വിവിധ ജനവിഭാഗങ്ങൾക്ക് നൽകി വരുന്ന ആതുര സേവനത്തിലേക്ക് മുതൽക്കൂട്ടായാണ് ഡയാലിസിസ് സെന്റർ കൂടി ഇപ്പോൾ പ്രവർത്തന സജ്ജമായിരിക്കുന്നത്. 

 

3,98,00,000 രൂപ ചെലവിട്ടാണ് ഡയാലിസിസ് കെട്ടിടം പണി തീർത്തത്. 1.28 കോടി രൂപയ്ക്കാണ് ഡയാലിസിസ് മെഷിനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് ഡയാലിസിസ് സെന്റർ സജ്ജമാക്കിയിരിക്കുന്നത്. 15.50 ലക്ഷം ചെലവിലാണ് പൊറത്തിശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഒ. പി ബ്ലോക്ക്. ഏഴു ലക്ഷം ചെലവിലാണ്

കാറളം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച വെള്ളാനി സബ് സെന്റർ - മന്ത്രി ഡോ. ബിന്ദു അറിയിച്ചു. 

 

ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date