പൊതുസ്ഥലങ്ങളില് അനധികൃത ബോർഡുകൾ സ്ഥാപിച്ചാല്‍ പിഴ കര്‍ശനമാക്കും
പൊതുസ്ഥലങ്ങളില്‍ അനധികൃതമായി കാഴ്ച മറച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്‌നകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം. പാതയോരങ്ങളില്‍ കാഴ്ച മറയ്ക്കും വിധം ബോര്‍ഡുകളോ ഹോര്‍ഡിങ്ങുകളോ കൊടി തോരണങ്ങളോ സ്ഥാപിച്ചാല്‍ 5000 രൂപ പിഴ ഈടാക്കും. ഇതിനായി പോലീസ്, വിവിധ വകുപ്പുകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവ യോജിച്ചുള്ള പരിശോധന നടത്തും. നിരോധിത വസ്തുക്കള്‍ കൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ വിവിധ പരിപാടികളുടെ ബോര്‍ഡുകള്‍ പരിപാടി കഴിഞ്ഞാലുടന്‍ നീക്കം ചെയ്യണം. അല്ലാത്തവ തദ്ദേശസ്ഥാപനങ്ങള്‍ എടുത്തുമാറ്റിയ ശേഷം ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
ജില്ലയിലെ ഒന്‍പത് മുനിസിപ്പാലിറ്റികളില്‍ 2025 ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 51 ബോര്‍ഡുകളും 10 ബാനറുകളും 12 ഹോര്‍ഡിങ്ങുകളും നീക്കം ചെയ്തു. 140500 രൂപ പിഴ ചുമത്തുകയും ചെയ്തു. കോര്‍പറേഷനില്‍ 27 ബോര്‍ഡുകള്‍, രണ്ട് ബാനറുകള്‍, ഒരു കൊടി എന്നിവ നീക്കം ചെയ്യുകയും 1,15,000 രൂപ പിഴ ചുമത്തുകയും ചെയ്തു. 71 ഗ്രാമപഞ്ചായത്തുകള്‍ ഇതേ കാലയളവില്‍ 92 ബോര്‍ഡുകളും 75 ബാനറുകളും 72 കൊടികളും, 10 ഹോര്‍ഡിങ്ങുകളും നീക്കം ചെയ്തു. 40,000 രൂപ പിഴ ചുമത്തുകയും ചെയ്തു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍, വിവിധ വകുപ്പ്, തദ്ദേശസ്ഥാപന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments