Skip to main content

ഇ- വേസ്റ്റ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

കോര്‍പറേഷന്‍, നഗരസഭാ പരിധിയിലുള്ള വീടുകളില്‍ നിന്നും പണം നല്‍കി ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഹരിതകര്‍മ സേനയുടെ നേതൃത്വത്തിലാണ് ശേഖരണം. ജൂലൈ രണ്ടാം വാരത്തോടെ കണ്ണൂര്‍ കോര്‍പറേഷനിലും ജില്ലയിലെ നഗരസഭകളിലും ഇ വേസ്റ്റ് ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയുമായി സഹകരിച്ചാണ് ക്യാമ്പയിന്‍. ഇ മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇതിനെതിരെ ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഏജന്‍സികള്‍ കേരളാ എന്‍വിറോണ്‍മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി കരാറില്‍ ഏര്‍പ്പെടണമെന്ന നിബന്ധന കൂടിയുണ്ട്. ഇ-മാലിന്യങ്ങളില്‍ ഹാര്‍ഡ് ഡിസ്‌ക്കിന് കിലോയ്ക്ക് 127 രൂപയും പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ക്ക് 104 രൂപയും സെല്‍ ഫോണിന് 115 രൂപയും ലാപ്ടോപ്പിന് 104 രൂപയും ലഭിക്കും. പഴയ ടെലിവിഷനുകള്‍ക്കും കമ്പ്യൂട്ടര്‍ കീബോര്‍ഡ്, മൗസ്, ടെലിഫോണ്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ എന്നിവയ്ക്ക് കിലോയ്ക്ക് ആറ് രൂപയും ലഭിക്കും. പഴയ മോഡല്‍ വാഷിംഗ് മെഷീനിന് 21 രൂപ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീന് 12 രൂപ, മിക്സിക്ക് 32 രൂപ, സീലിംഗ് ഫാനിന് 41 രൂപ, ടേബിള്‍ ഫാനിന് 30 രൂപ നിരക്കില്‍ തൂക്കത്തിനനുസരിച്ച് ഹരിത കര്‍മസേന പണം നല്‍കും. ട്യൂബ് ലൈറ്റ്, ബള്‍ബ്, സി.എഫ്.എല്‍ എന്നിവയും ഇതോടൊപ്പം സൗജന്യമായി ശേഖരിക്കുന്നുണ്ട്. രണ്ടാംഘട്ടത്തില്‍ ഗ്രാമ പഞ്ചായത്തുകളിലേക്ക് കൂടി ഇ- വേസ്റ്റ് ക്യാമ്പയിന്‍ വ്യാപിപ്പിക്കും.

date