പുനർഗേഹം: മുട്ടത്തറയിലെ പ്രത്യാശ ഫ്ലാറ്റ് സമുച്ചയങ്ങളുടെ താക്കോൽ കൈമാറൽ ആഗസ്റ്റ് 7ന്
#മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും#
കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയിൽ പുനഃരധിവസിപ്പിക്കുന്നതിന് പുനർഗേഹം പദ്ധതി വഴി സർക്കാർ നിർമ്മിച്ച മുട്ടത്തറയിലെ ഫ്ലാറ്റ് സമുച്ചയം ആഗസ്റ്റ് 7ന് കടലിന്റെ മക്കൾക്ക് കൈമാറും. തീരദേശ ജനതയ്ക്ക് പ്രത്യേശയേകുന്ന പ്രത്യാശ എന്നാണ് ഫ്‌ളാറ്റുകള്‍ക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് 7ന് വൈകീട്ട് 4ന് ഫ്ലാറ്റ് സമുച്ചയ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ വി.ശിവന്‍കുട്ടി, കെ.രാജന്‍, ജി.ആര്‍ അനില്‍, ചിഞ്ചുറാണി, എം.പിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ആകെയുള്ള 400 ഫ്ലാറ്റുകളിൽ പണിപൂർത്തിയായ 332 ഫ്ലാറ്റുകളുടെ താക്കോൽദാനമാണ് നിർവ്വഹിക്കുന്നത്. ഇതിൽ 162 കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നവരാണ്. സ്പെഷ്യൽ കേസായി പരിഗണിച്ച് ഗവൺമെന്റ് ക്വാട്ടയിൽ ഉൾപ്പെടുത്തിയ 19 കുടുംബൾക്ക് ഫ്ലാറ്റ് നൽകുന്നുണ്ട്. ഡിസ്ട്രിക് ലെവൽ കമ്മിറ്റി അംഗീകരിച്ച 133 ഗുണഭോക്താക്കളും, കമ്മിറ്റി വെയ്റ്റിംഗ് ലിറ്റിൽ ഉൾപ്പെടുത്തിയ 18 കുടുംബങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ 68 ഫ്‌ളാറ്റുകളുടെ പണി പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മ്മാണ ചുമതല ഏറ്റെടുത്തത്. പദ്ധതിയുടെ സാങ്കേതിക മേല്‍നോട്ട ചുമതല നിര്‍വ്വഹിച്ചത് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പാണ്.
പുനര്‍ഗേഹം തീരദേശ പുനരധിവാസ പദ്ധതിയില്‍ ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ 2023ലാണ് ഭവനസമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ക്ഷീരവികസന വകുപ്പില്‍ നിന്നും ഫിഷറീസ് വകുപ്പിന് കൈമാറി കിട്ടിയ എട്ട് ഏക്കര്‍ സ്ഥലത്ത് 81 കോടി രൂപ അടങ്കല്‍ വരുന്ന പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.
തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിൽ കടലാക്രമണ ഭീഷണിയിൽ കഴിയുന്ന മുഴുവൻ ജനവിഭാഗങ്ങളെയും സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാനസർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ബൃഹത് പദ്ധതിയാണ് പുനർഗേഹം.
2450 കോടി രൂപയാണ് 2019-2020 സാമ്പത്തിക വർഷത്തിൽ സർക്കാർ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 1398 കോടി രൂപയും വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിൽ നിന്ന് 1052 കോടി രൂപയുമാണ് പദ്ധതിക്കായി അനുവദിച്ചത്.
കടകംപള്ളിയിൽ ഭരണാനുമതി ലഭിച്ച 168 ഫ്ലാറ്റുകളുടെയും വലിയതുറ സെന്റ് ആന്റണീസിൽ ഭരണാനുമതി ലഭിച്ച (24) ഫ്ലാറ്റുകളുടെയും നിർമ്മാണം ഉടൻ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിൽ മുട്ടത്തറ (96), കാരോട് (24) എന്നിവിടങ്ങളിലായി 120 ഫ്ലാറ്റുകളുടെ പ്രൊപ്പോസലുകൾ സർക്കാർ പരിഗണനയിലാണ്.
- Log in to post comments