സുനാമി ദുരന്തമുന്നൊരുക്കം: മോക്ഡ്രില്‍ സംഘടിപ്പിച്ചു
സുനാമി ദുരന്തമുന്നൊരുക്കം വിലയിരുത്തുന്നതിനായി ജില്ലയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം റഷ്യയുടെ കിഴക്കന്‍ മേഖലയിലുണ്ടായ വന്‍ ഭൂചലനത്തിന് പിന്നാലെ വടക്കന്‍ പസിഫിക് മേഖലയില്‍ സുനാമി തിരമാലകള്‍ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് സുനാമിയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റി സി.ഇ.ഒ കൂടിയായ ജില്ലാ കലക്ടറുടെ ചുമതല വഹിക്കുന്ന ജി.നിര്‍മല്‍കുമാറിന്റെ നേതൃത്വത്തില്‍ പരിശോധിച്ചത്.
ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷമതയാണ് പ്രധാനമായും വിലയിരുത്തിയത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ഹൈദരാബാദ് ആസ്ഥാനമായ ഇന്‍കോയിസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തിയത്.
സുനാമി മുന്നറിയിപ്പുകളുടെ സമയബന്ധിതമായ പ്രചാചരണത്തില്‍ റവന്യു, പോലീസ്, ഫയര്‍ ഫോഴ്‌സ് കണ്ട്രോള്‍ റൂമുകള്‍ എന്നിവ സജീവ പങ്കാളികളായി.
ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററില്‍ നിന്നും ജില്ലാ കലക്ടര്‍ നിര്‍ദേശങ്ങള്‍ കൈമാറി. ഇന്‍കോയിസില്‍ നിന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് സന്ദേശങ്ങള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വഴി ജില്ലയിലേക്കും അവിടെനിന്ന് താലൂക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകള്‍, പോലീസ് കണ്‍ട്രോള്‍ റൂം, കോസ്റ്റല്‍ പോലീസ്, ഫിഷറീസ് കണ്ട്രോള്‍ റൂം എന്നിവിടങ്ങളിലേക്കും കൈമാറി. പാകിസ്ഥാന്‍ തീരത്തുണ്ടായ ഭൂകമ്പം സംബന്ധിച്ച് ഇന്‍കോയിസില്‍ നിന്നും 3.05 ന് വന്ന സന്ദേശത്തോടെയാണ് മോക്ക് ഡ്രില്‍ ആരംഭിച്ചത്; നാലുമണിക്ക് അവസാനിച്ചു.
ജില്ലാ, താലൂക്ക് ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. സുനാമി ഉണ്ടായാല്‍ ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ബീച്ചുകള്‍, ഹാര്‍ബറുകള്‍, തീരത്തോട് ചേര്‍ന്നുള്ള മത്സ്യത്തൊഴിലാളി കോളനികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, പള്ളികള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ തീരദേശ വില്ലേജ് ഓഫീസര്‍മാര്‍ മുഖാന്തിരം ശേഖരിച്ചു. ആളുകളെ മാറ്റുന്നതിനാവശ്യമായ ക്യാമ്പുകള്‍ സജ്ജമാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ എന്ന് വിലയിരുത്തിയതായി എ.ഡി.എം വ്യക്തമാക്കി.
- Log in to post comments